കാസർകോട്: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തുന്നത് ദുരന്തമാണെന്നും അതിനെതിരെയുള്ള ശ്രമങ്ങൾ പാർട്ടി തുടങ്ങിയതായും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി.പി.എം പല തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടുണ്ടെന്നും എന്നാൽ തോറ്റാൽ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്നും കോടിയേരി വ്യക്തമാക്കി.
എക്സിറ്റ് പോളുകൾ യാഥാർത്ഥ്യമായി യാതൊരു ബന്ധവുമില്ല. അഞ്ച് ലോക്‌സഭ മണ്ഡലങ്ങളിൽ കോൺഗ്രസ് ബി.ജെ.പി ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയുടെ വോട്ട് ബി.ജെ.പിക്ക് തന്നെ ചെയ്താൽ ഇടതിന് നല്ല ഫലം കിട്ടുമെന്നും മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്നും കോടിയേരി വ്യക്തമാക്കി.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും എക്സിറ്റ് പോൾ ഫലത്തിനെതിരെ രംഗത്തെത്തിയിരുന്നു. രാജ്യത്ത് പല എക്സിറ്ര് പോളുകളും പാളിപ്പോയിട്ടുണ്ടെന്നും അത് 2004 ൽ ഉൾപ്പെട നമ്മൾ കണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഒരു ഊഹത്തിന്റെയും പിറകെ പോകണ്ട, ശബരിമല വിഷയം കേരളത്തിലെ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. ശബരിമലയെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് ജനങ്ങൾക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു