arun-jaitley-

ന്യൂഡൽഹി: എക്‌സിറ്റ് പോൾ ഫലങ്ങൾ സത്യമായി തീരുന്നതോടെ വോട്ടിംഗ് യന്തങ്ങൾക്കെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലാതെയാകുമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളെക്കുറിച്ച് തന്റെ ബ്ലോഗിൽ പ്രതികരിക്കുകയായിരുന്നു ജെയ്‌റ്റ്ലി.

ജനങ്ങൾ നേരിട്ട് പറഞ്ഞ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് എക്സിറ്റ് പോൾ ഫലങ്ങൾ തയ്യാറാക്കിയത്. അതിൽ വോട്ടിംഗ് യന്ത്രങ്ങൾക്ക് പങ്കില്ല. എക്‌സിറ്റ് പോൾ ഫലങ്ങളും തിരഞ്ഞെടുപ്പ് ഫലവും ഒരുപോലെയായാൽ വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാണിച്ചതായുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്ക് നിലനിൽപ്പില്ലാതെയാകുമെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു.

സ്ഥിരതയുള്ള സർക്കാരിനാണ് ജനങ്ങൾ വോട്ടുചെയ്തതെന്നും അവിശുദ്ധസഖ്യങ്ങൾ പരാജയപ്പെടുമെന്നും ജയ്‌റ്റ്ലി ചൂണ്ടിക്കാട്ടി. തൂക്കുസഭ രാജ്യത്തിന് ആവശ്യമില്ലെന്നും ജയ്റ്റ്ലി പറഞ്ഞു.

വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറി കാട്ടുന്നതിന്റെ ഭാഗമായുള്ള ആസൂത്രിതമായ പദ്ധതിയാണ് എക്‌സിറ്റ് പോൾ ഫലങ്ങളെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ആരോപിച്ചിരുന്നു.