ന്യൂഡൽഹി: കേരളത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസമുണ്ടെന്നും അതുകൊണ്ട് ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും കോൺഗ്രസ് നേതാവ് ഉദിത് രാജ്. കേരളത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസമുണ്ട്. അവർ ഒരിക്കലും ബി.ജെ.പിയെ പിന്തുണയ്ക്കില്ല. അതുകൊണ്ട് ബി.ജെ.പിക്ക് സീറ്റ് നേടാനാവില്ലെന്നും ഉദിത് രാജ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്സിറ്റ് പോളുകൾ രാജ്യത്ത് എൻ.ഡി.എ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരുന്നു. മാത്രമല്ല കേരളത്തിൽ ബി.ജെ.പിക്ക് ഒരു സീറ്റ് കിട്ടാമെന്നും സർവെ ഫലം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഉദിത്തിന്റെ കേരളത്തെ കുറിച്ചുള്ള പരാമർശം. എക്സിറ്റ് പോൾ ഫലങ്ങളിൽ കേരളത്തിൽ കോൺഗ്രസ് തരംഗം ഉണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
എന്നാൽ തിരുവനന്തപുരം മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. മാത്രമല്ല എൽ.ഡി.എൽഫിന് പ്രതീക്ഷിച്ചത്ര സീറ്റ് ലഭിക്കില്ലെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. ബി.ജെ.പിയിൽ നിന്നുള്ള മുൻ എം.പിയായിരുന്നു ഉദിത് രാജ്. എന്നാൽ ബി.ജെ.പിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ ഏപ്രിലിലാണ് കോൺഗ്രസിൽ ചേർന്നത്. ബി.ജെ.പി ദളിത് വിരുദ്ധ പാർട്ടിയാണെന്നും ഉദിത് ആരോപിച്ചിരുന്നു.