കൊച്ചി : പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ ക്രമക്കേടു കാട്ടിയ സംഭവത്തിൽ സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന ഹർജിയിൽ അന്വേഷണം പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്ന മേയ് 23 നു ശേഷം 15 ദിവസം കൂടി സമയം വേണമെന്ന പൊലീസിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. ബാലറ്റിലെ ക്രമക്കേട് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ സമഗ്ര അന്വേഷണം നടക്കുന്നുണ്ടെന്ന് ഹൈക്കോടതി വാക്കാൽ വിലയിരുത്തി. അന്വേഷണം സമഗ്രമല്ലെന്ന് ഹർജിക്കാരനു തോന്നുന്നുണ്ടോയെന്നും അന്വേഷണം തടയേണ്ട കാര്യമുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
പോസ്റ്റൽ വോട്ടുകളുമായി ബന്ധപ്പെട്ട് ചില രേഖകൾ ലഭിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷമേ ഇത് ലഭിക്കൂവെന്നതിനാൽ മേയ് 23 നുശേഷം 15 ദിവസം കൂടി അന്വേഷണത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എ.ഡി.ജി.പി സത്യവാങ്മൂലം നൽകിയിരുന്നു. തിരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ പൊലീസ് അസോസിയേഷൻ നേതാക്കൾ കൈവശപ്പെടുത്തി വോട്ടു രേഖപ്പെടുത്തിയെന്നാണ് ആരോപണം. തിരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ളവരുടെ ബാലറ്റുകൾ റിട്ടേണിംഗ് ഒാഫീസർമാരിൽ നിന്ന് കൈപ്പറ്റാൻ നോഡൽ ഒാഫീസർമാരെ നിയോഗിച്ചു സർക്കുലർ ഇറക്കിയെന്നും നിയമ വിരുദ്ധമായ ഇൗ സർക്കുലർ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ വ്യവസ്ഥകളും നിർദ്ദേശങ്ങളും പാലിച്ചാണ് സർക്കുലർ ഇറക്കിയതെന്നും മുൻ വർഷങ്ങളിൽ സമാന സർക്കുലർ നൽകിയിട്ടുണ്ടെന്നും എ.ഡി.ജി.പിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് ഉറപ്പുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജി ജൂൺ പത്തിന് വീണ്ടും പരിഗണിക്കും.