ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ മദ്ധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെതിരയെുള്ള ബി.ജെ.പി നീക്കത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി കമൽനാഥ്. കോൺഗ്രസ് നേതൃത്വത്തിലുള്ള കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ ഗവർണർക്ക് കത്തയച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് കമൽനാഥ് പ്രസ്താവിച്ചു. അധികാരമേറ്റതുമുതൽ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു. ബി.ജെ.പിയുടെ പരാജയം മറയ്ക്കാനാണ് ഇത്തരം നീക്കങ്ങളെന്നും കമൽനാഥ് ആരോപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ അനുകൂലമായതോടെയാണ് മദ്ധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ വീഴ്ത്താനുള്ള ശ്രമം ബിജെപി തുടങ്ങിയത്. കമൽനാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർ ആനന്ദിബെൻ പട്ടേലിന് ബി.ജെ.പി കത്തെഴുതി. കമൽനാഥ് സർക്കാർ താനെ നിലംപതിക്കുമെന്നും കുതിരക്കച്ചവടത്തിൽ വിശ്വസിക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവ പറയുന്നു.
230 അംഗ നിയമസഭയിൽ കോൺഗ്രസിന് 114 എം.എൽ.എമാരും ബിജെപിക്ക് 109 എം.എൽ.എമാരുമാണുള്ളത്. കേവലഭൂരിപക്ഷത്തിന് 116 പേരുടെ പിന്തുണവേണം. ബി.എസ്.പിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് കോൺഗ്രസ് സർക്കാര്‍ നിലനില്‍ക്കുന്നത്.
സംസ്ഥാന ഭരണം നഷ്ടമായെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ആകെയുള്ള 29 സീറ്റിൽ 24 മുതൽ 27 സീറ്റുവരെ നേടുമെന്നാണ് പ്രവചനം.