വാഷിംഗ്ടൺ: അറ്റ്‍ലാന്റയിലെ മോർഹൗസ് കോളേജിലെ വിദ്യാർത്ഥികൾ ഒരിക്കൽ പോലും ചിന്തിക്കാതിരുന്ന കാര്യമാണ് കഴിഞ്ഞദിവസം അവരുടെ ബിരുദദാന ചടങ്ങിനിടെ നടന്നത്. കറുത്ത വർഗക്കാരായ വിദ്യാർത്ഥികൾ കൂടുതലായും പഠിക്കുന്ന കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഓണററി ഡിഗ്രി സ്വീകരിക്കാനെത്തിയ റോബർട്ട് എഫ് സ്മിത്ത് എന്ന ശതകോടീശ്വരൻ അവിടത്തെ 400 കുട്ടികളുടെ വിദ്യാഭ്യാസ വായ്പ ഏറ്റെടുത്താണ് ലോകത്തിന് മാതൃകയായത്. കോളേജ് അധികൃതരാണ് ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ആഫ്രിക്കൻ - അമേരിക്കൻ വ്യവസായിയാണ് സ്മിത്ത്.
ഏകദേശം നാല് കോടി ഡോളറാണ് റോബർട്ട് ഏറ്റെടുത്തത്. നിറകൈയടികളോടെയാണ് റോബർട്ടിന്റെ പ്രഖ്യാപനത്തെ സദസ് സ്വീകരിച്ചത്. ''വിദ്യാർത്ഥികളുടെ വായ്പ അടച്ചു തീർക്കാൻ എന്റെ കുടുംബം ഗ്രാൻഡ് ഏർപ്പെടുത്തുന്നുണ്ട്. ഇത് എന്റെ വർഗമാണ്. ഈ തീരുമാനം കറുത്ത വർഗക്കാരായ വിദ്യാർത്ഥികളുടെ ജീവിതത്തിന് സഹായമാകും" - സ്മിത്ത് പറഞ്ഞു.
റോബർട്ട് സ്മിത്ത്
ആസ്തി - ഏകദേശം 4.4 ബില്ല്യൺ ഡോളർ
കോർണൽ, കൊളംബിയ സർവകലാശാലകളിൽ പഠനം
2000-ൽ വിസ്റ്റാ ഇക്വിറ്റി പാർട്‍ണേഴ്സ് എന്ന സ്ഥാപനം ആരംഭിച്ചു.
2015ൽ ഏറ്റവും ധനികനായ ആഫ്രിക്കൻ-അമേരിക്കനായി