തിരുവനന്തപുരം: ഇന്നലെ പുറത്തുവന്ന എല്ലാ എക്സിറ്റ് പോൾ പ്രവചനങ്ങളും വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ വിജയം പ്രവചിച്ചപ്പോൾ പി.ജയരാജൻ വിജയിക്കുമെന്ന പ്രവചനവുമായി ഏറ്റവും പുതിയ സർവേഫലം പുറത്തുവന്നു. കെ. മുരളീധരനെ വീഴ്ത്തി വടകര പി.ജയരാജൻ പിടിക്കുമെന്ന് കൈരളി ന്യൂസ് - സി.ഇ.എസ് സർവേ പറയുന്നു. പി.ജയരാജന് 47.1 ശതമാനം വോട്ടും കെ.മുരളീധരന് 44.5 ശതമാനം വോട്ടും ലഭിക്കും. എൻ.ഡി.എ സ്ഥാനാർത്ഥിക്ക് 7.1 ശതമാനം വോട്ട് ലഭിക്കുമെന്നും സർവേ പറയുന്നു.
അതേസമയം കാസർകോട് മണ്ഡലത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ തോൽക്കുമെന്ന് സർവേ പറയുന്നു. 41.7 ശതമാനം വോട്ടുകള്‍ എൽ.ഡി.എഫ് നേടുമ്പോൾ 40.1 ശതമാനം വോട്ടുകൾ യു.ഡി.എഫിന് ലഭിക്കും. ബി.ജെ.പി 16.4 ശതമാനം വോട്ടുകൾ നേടും.
20 മണ്ഡലങ്ങളിലായി 80 നിയമസഭാ മണ്ഡലങ്ങളിൽ 12000 പേർ സർവേയിൽ പങ്കെടുത്തുവെന്ന് സർവേ ഏജൻസിയായ സി.ഇ.എസ് അവകാശപ്പെടുന്നു.