kumaraswamy

ബംഗളൂരു: എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ കർണാടക ' സേഫ്" ആക്കാൻ കോൺഗ്രസും ജെഡിഎസും നീക്കം തുടങ്ങി. മദ്ധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി ഗവർണർക്ക് കത്തയച്ചതോടെയാണ് കർണാടകയിൽ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യം പിടിമുറുക്കുന്നത്.

സഖ്യ ധാരണകൾക്കു വിരുദ്ധമായി പ്രസ്‍താവനകളും നീക്കങ്ങളും നടത്തരുതെന്നു കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കൾക്കു ശക്തമായ നിർദേശം നൽകി. കേന്ദ്രത്തിലും സംസ്ഥാനത്തും കോൺഗ്രസിനൊപ്പം ഉറച്ചു നിൽക്കുമെന്നു ജെ.ഡി.എസ് ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി ദേവഗൗഡയും വ്യക്തമാക്കി.

കർണാടകയിൽ ബി.ജെ.പിക്കു വലിയ നേട്ടമെന്ന സൂചനയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ഉണ്ടായിരുന്നത്. ഇതിനു പിന്നാലെയാണ് സഖ്യത്തിൽ പ്രശ്നങ്ങളുണ്ടാക്കരുതെന്നു സംസ്ഥാനനേതാക്കൾക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നിർദേശം നൽകിയത്. കുമാരസ്വാമി സർക്കാരിനെ തകർക്കാനുള്ള ബി.ജെ.പി നീക്കങ്ങൾക്കു തടയിടാനാണു കോൺഗ്രസും ജെഡിഎസും ശ്രമിക്കുന്നത്.