തിരഞ്ഞെടുപ്പു കമ്മിഷനുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പുത്തരിയില്ല. പക്ഷേ, ഏറ്റവും ഒടുവിലത്തെ വിവാദം കമ്മിഷനകത്തു തന്നെയുണ്ടായ അഭിപ്രായ ഭിന്നതയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ളീൻ ചിറ്റ് നൽകിയതിനെച്ചൊല്ലിയാണ് കമ്മിഷനിലെ ഭിന്നത. ക്ളീൻ ചിറ്റ് വിഷയത്തിൽ തനിക്കുള്ള വിയോജിപ്പ് കമ്മിഷണർമാരിൽ ഒരാളായ അശോക് ലവാസ പരസ്യമാക്കിയതോടെയാണ് വിവാദം പുറത്തായത്.
ചട്ട ലംഘന പരാതികളിൽ മോദിക്ക് ഏറ്റവും അവസാനം ക്ളീൻചിറ്റ് നൽകിയ മേയ് നാലിനു ശേഷമുള്ള യോഗങ്ങളിൽ നിന്ന് അശോക് ലവാസ വിട്ടുനിൽക്കുകയായിരുന്നു. പരാതികളിൽ മോദിക്ക് നോട്ടീസ് അയയ്‌ക്കണമെന്ന തന്റെ നിലപാട് അംഗീകരിക്കപ്പെട്ടില്ലെന്നു മാത്രമല്ല, വിയോജിപ്പ് അന്തിമ ഉത്തരവിൽ രേഖപ്പെടുത്താതിരിക്കുക കൂടി ചെയ്‌തതോടെയാണ് ലവാസ പൊട്ടിത്തെറിച്ചത്. അതേസമയം, തിരഞ്ഞെടുപ്പു കമ്മിഷനിലെ അഭിപ്രായ വ്യത്യാസങ്ങൾ പുതിയ കാര്യമല്ലെന്നും മുമ്പ് അവ കമ്മിഷനുള്ളിൽത്തന്നെ ഒതുങ്ങുകയായിരുന്നു പതിവെന്നുമാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുനിൽ അറോറയുടെ പ്രതികരണം. ഭിന്നത ചർച്ച ചെയ്യാൻ ഇന്ന് കമ്മിഷന്റെ പൂർണ യോഗം ചേരും.