vivek-oberoi-

ന്യൂഡൽഹി: ബോളിവുഡ് താരം ഐശ്വര്യ റായിയെയും ലോകസ്ങാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് ഫലവും ചേർത്ത് തയ്യാറാക്കിയ ട്വിറ്റർ പോസ്റ്റ് പ്രചരിപ്പിച്ച നടൻ വിവേക് ഒബ്റോയിക്ക് വനിതാ കമ്മിഷൻ നോട്ടീസ് അയച്ചു.


അധാർമ്മികവും നിന്ദ്യവുമായ പോസ്റ്റ് സ്ത്രീകളുടെ അന്തസ് ഇടിച്ചുതാഴ്ത്തി കാണിക്കുന്നതാണെന്ന് നോട്ടീസിൽ വനിതാ കമ്മീഷൻ പറയുന്നു. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുടേയും യുവതിയുടേയും ചിത്രം പ്രചരിപ്പിച്ചാണ് നടൻ സ്ത്രീവിരുദ്ധത പ്രചരിപ്പിച്ചതെന്ന് കമ്മീഷൻ അറിയിച്ചു. ഇതിന് എത്രയും പെട്ടെന്ന് വിശദീകരണം നല്‍കാനാണ് ഉത്തരവിട്ടത്. വിവേക് ഒബ്റോയി തന്റെ ഔദ്വോഗിക ട്വിറ്റർ പേജിൽ ആണ് ചിത്രം പങ്കുവെച്ചത്.

ഐശ്വര്യ റായ്, സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ, ആരാധ്യ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം വിവേക് ഒബ്റോയിയുടെയും ചിത്രങ്ങൾ വച്ചുള്ള മീം ഉപയോഗിച്ചായിരുന്നു ട്രോൾ തയ്യാറാക്കിയിരുന്നത്.

അഭിപ്രായ സർവേ, എക്സിറ്റ് പോൾ, തിരഞ്ഞെടുപ്പ് ഫലം എന്നിവ സൂചിപ്പിക്കാൻ ബോളിവുഡ് താരം ഐശ്വര്യയുടെ വ്യക്തിജീവിതവുമായി ബന്ധമുള്ള ചിത്രങ്ങളാണ് ട്രോളിൽ ഉപയോഗിച്ചിരുന്നത്. രാഷ്ട്രീയമില്ല... വെറും ജീവിതം മാത്രം എന്ന അടിക്കുറിപ്പോടെയാണ് വിവേക് ഒബ്റോയി ട്രോൾ പോസ്റ്റ് പങ്കുവച്ചത്. ട്രോൾ വളരെ ക്രിയാത്മകമായി ചെയ്തിരിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ഇതാണ് വ്യാപക പ്രതിഷേധത്തിന് വഴി വച്ചത്.

വിവേകിനെ വിമർശിച്ച് ആദ്യം രംഗത്തു വന്നത് ബോളിവുഡ് താരം സോനം കപൂർ ആയിരുന്നു. തീർത്തും അരോചകമെന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം. ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവേക് ഒബ്റോയിയെ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത്തരമൊരു ട്വീറ്റ് പങ്കുവയ്ക്കുന്നത് എന്തൊരു അസംബന്ധമാണെന്നും താരത്തിന്റെ അവസ്ഥയിൽ നിരാശയുണ്ടെന്നും ജ്വാല ഗുട്ട ട്വിറ്ററിൽ കുറിച്ചു.

ഒട്ടും വിവേകമില്ലാത്ത ഒരാൾക്ക് ആരാണ് വിവേക് എന്നു പേരിട്ടതെന്നും താരത്തെ വിമർശിച്ച് സമൂഹമാദ്ധ്യമങ്ങളിൽ കമന്റുകൾ നിറഞ്ഞു. വിവേകിനെ ഓർത്ത് ലജ്ജിക്കുന്നു എന്നർത്ഥം വരുന്ന ഹാഷ്ടാഗുകളും വിവേകിനെതിരെ സജീവമായി. നിങ്ങളുടെ സഹോദരിയുടെയോ ഭാര്യയുടെയോ പഴയ ചിത്രങ്ങളും പഴയ പ്രണയബന്ധങ്ങളും കോർത്തിണക്കി ഒരു ട്രോളുണ്ടാക്കിയാൽ എങ്ങനെ പ്രതികരിക്കുമെന്നും ആരാധകർ ചോദിക്കുന്നു.

എന്നാൽ വിഷയത്തിൽ പ്രതികരണവുമായി വിവേക് രംഗത്തെത്തി. തന്നോട് മാപ്പു പറയാനാണ് എല്ലാവരും ആവശ്യപ്പെടുന്നതെന്നും എന്നാൽ തെറ്റ് ചെയ്തിട്ടുണ്ടെന്നു തനിക്ക് തോന്നുന്നില്ലെന്നും അതിനാൽ താൻ എന്തിന് മാപ്പ് പറയണമെന്നും വിവേക് ഒബ്റോയ് പ്രതികരിച്ചു.

Haha! 👍 creative! No politics here....just life 🙏😃

Credits : @pavansingh1985 pic.twitter.com/1rPbbXZU8T

— Vivek Anand Oberoi (@vivekoberoi) May 20, 2019

അടുത്തിടെ, മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും വിവേക് അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിൽ ബോബി എന്ന പ്രതിനായക വേഷമാണ് വിവേക് അവതരിപ്പിച്ചത്.