churchoffice

ചാലക്കുടി: ഫാ. ടോണി കല്ലൂക്കാരൻ ഒളിപ്പിച്ചുവെന്ന് സംശയിക്കുന്ന രേഖകൾ കണ്ടെത്തുന്നതിന് മുരിങ്ങൂർ സാൻജോ നഗർ പള്ളിയിൽ പൊലീസ് റെയ്ഡ് നടത്തി. തൃക്കാക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ വാറണ്ടുമായാണ് ആലുവ ഡിവൈ.എസ്.പി വിദ്യാധരന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധനയ്‌ക്കെത്തിയത്. അതിഥി മുറി, സ്റ്റോർ റൂം എന്നിവയാണ് ആദ്യം പരിശോധിച്ചത്. താക്കോൽ ഇല്ലാത്തതിനാൽ ഗസ്റ്റ് റൂമിന്റെ താഴ് പൊളിച്ചാണ് സംഘം അകത്ത് കടന്നത്. രണ്ടര മണിക്കൂർ നീണ്ട പരിശോധനയിൽ പ്രത്യക്ഷ രേഖകളൊന്നും ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായില്ല. എന്നാൽ കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌കുകൾ സൈബർസെൽ ശേഖരിച്ചിട്ടുണ്ട്. ഫാ. ടോണി കല്ലൂക്കാരന്റെ പൂട്ടിക്കിടക്കുന്ന ഔദ്യോഗിക മുറി പരിശോധിക്കാനായിട്ടില്ല. രാത്രി വൈകി ഈ ഓഫീസും തുറക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. മുൻകരുതലെന്ന നിലയിൽ പള്ളിക്ക് സമീപത്തായി വൻ പൊലീസ് സന്നാഹവും ഒരുക്കിയിട്ടുണ്ട്. പൊലീസ് വന്നതറിഞ്ഞ് പള്ളിയിലെത്തിയ സ്ത്രീകളടക്കമുള്ളവർ ആദ്യം പ്രതിഷേധിച്ചപ്പോൾ പൊലീസ് അവരെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി. തുടർന്ന് പിൻവാങ്ങിയ സ്ത്രീകൾ പിന്നീട് പള്ളിമുറ്റത്ത് പ്രാർത്ഥനയിൽ മുഴുകി. അങ്കമാലി സി.ഐ പി.ആർ. ബിജോയ്, ചാലക്കുടി സി.ഐ. ജെ. മാത്യു, കൊരട്ടി എസ്.ഐ. രാമു എന്നിവരും പൊലീസ് സംഘത്തിലുണ്ട്.