ന്യൂഡൽഹി: ബി.ജെ.പി അനുകൂല ചാനലായ നമോ ടിവി തിരഞ്ഞെടുപ്പിന് ശേഷം അപ്രത്യക്ഷമായി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി മാർച്ച് 26നാണ് നമോ ടി.വി പ്രത്യക്ഷപ്പെട്ടത്. ചാനൽ തുടങ്ങിയതിന് ശേഷം നമോ ടിവി നിരവധി വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ബി.ജെ.പി നേതാക്കളുടെ പരിപാടികളും അഭിമുഖങ്ങളും മറ്റുമാണ് ചാനൽ സംപ്രേഷണം ചെയ്തിരുന്നത്.
നമോ ടി.വിയുടെ പ്രവർത്തനത്തിനായുള്ള ഫണ്ടുകൾ മുഴുവൻ ബി.ജെ.പിയിൽ നിന്നാണ് വന്നിരുന്നത്. നമോ ടി.വിക്കെതിരെ പ്രതിഷേധമുയർന്നപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുകയും കേന്ദ്ര ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിൽ നിന്നും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ മന്ത്രാലയത്തിന്റെ വിശദീകരണവും വിവാദമായിരുന്നു.
നമോ ടി.വി മുഴുവൻ സമയ ടെലിവിഷൻ ചാനലല്ലെന്നും നാപ്‌റ്റോൾ പോലെയുള്ള ഒരു പരസ്യം അവതരിപ്പിക്കുന്ന ചാനലാണെന്നുമായിരുന്നു വിതരണ മന്ത്രാലയം വ്യക്തമാക്കിയത്.കോൺഗ്രസും ആം ആദ്മി പാർട്ടിയും ചാനലിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷമായിരുന്നു ബി.ജെ.പി ചാനൽ തുടങ്ങിയത്. ഇതിനെ ചോദ്യം ചെയ്താണ് ആം ആദ്മി രംഗത്തെത്തിയിരുന്നത്. മന്ത്രാലയത്തിന്റെ അംഗീകൃത ടി.വി ചാനൽ പട്ടികയിൽ നമോ ടി.വി എന്നൊരു ചാനലില്ലെന്നും ആ സാഹചര്യത്തിൽ ഇത്തരമൊരു ചാനൽ സംപ്രേഷണം ചെയ്യുന്നതെങ്ങനെയെന്ന് കോൺഗ്രസും ചോദിച്ചിരുന്നു. തുടർന്ന് ഏപ്രിലിൽ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികൾ മുൻകൂട്ടി സെൻസർ ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരുന്നു.