തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ കടുത്ത പോരാട്ടമെന്ന് വിശദമാക്കുന്ന സർവേ ഫലം പുറത്തുവന്നു. ദേശീയ മാദ്ധ്യമങ്ങളും കേരളത്തിലെ മാദ്ധ്യമങ്ങളും സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമെന്ന് പ്രവചിച്ചിടത്താണ് കൈരളി ടിവിയും സി.ഇ.എസും ചേർന്ന് നടത്തിയ പോസ്റ്റ് പോൾ സർവേയിലാണ് ഇരുമുന്നണികൾക്കും തുല്യസാദ്ധ്യത കൽപ്പിക്കുന്നത്.
ഇരുമുന്നണികൾക്കും എട്ടുമുതൽ 12 വരെ സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വ്യക്തമാക്കുന്ന സർവേ ഒരു മണ്ഡലത്തിലും എൻ.ഡി.എ സ്ഥാനാർത്ഥികൾ രണ്ടാംസ്ഥാനത്ത് എത്തില്ലെന്ന് വ്യക്തമാക്കുന്നു. വോട്ടുശതമാനത്തിൽ ഇടതുപക്ഷം നേരിയ മുൻതൂക്കം നേടുമെന്നാണ് സർവേയിലെ വിലയിരുത്തൽ. ആകെയുള്ള 20 സീറ്റുകളിൽ 11 എണ്ണത്തിൽ ഇടതിനാണ് വിജയസാദ്ധ്യതയെന്ന് സർവേ പറയുന്നു.
സംസ്ഥാനത്ത് ശക്തമായ തൃകോണ പോരാട്ടാം നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി.ജെ.പി സ്ഥാനാർത്ഥികൾ മൂന്നാംസ്ഥാനത്താകുമെന്നാണ് സർവേ. ഫലം വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ വിജയിക്കുമെന്നാണ് കൈരളി-സി.ഇ.എസ് സർവേയുടെ പ്രവചനം. രണ്ടാം സ്ഥാനത്ത് ഇടതുസ്ഥാനാർത്ഥി സി.ദിവാകരനെത്തുമെന്ന് പ്രവചിക്കുന്ന സർവേ ബി.ജെ.പിക്കും കുമ്മനത്തിനും മൂന്നാം സ്ഥാനമാണ് നൽകിയിരിക്കുന്നത്. ശശി തരൂരിന് 36.5 ശതമാനം വോട്ടും സി.ദിവാകരന്‍ 32.2 ശതമാനവും കുമ്മനം 29.7 ശതമാനവും വോട്ട് നേടും.
പത്തനംതിട്ടയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജ് നേരിയ മാർജിനിൽ വിജയിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി രണ്ടാം സ്ഥാനത്തും ബി.ജെ.പി വിജയം നേടുമെന്ന് ഉയർത്തിക്കാട്ടി രംഗത്തിറക്കിയ കെ. സുരേന്ദ്രൻ മൂന്നാമതാകുമെന്ന് സർവേ പറയുന്നു.
ആലപ്പുഴയിൽ ഇടതുസ്ഥാനാർത്ഥി ആരിഫിനാണ് വിജയം പ്രഖ്യാപിച്ചിരിക്കുന്നത്. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് വിജയം ആവർത്തിക്കും. കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രനെ അട്ടിമറിച്ച് കെ.എൻ.ബാലഗോപാൽ വിജയിക്കുമെന്ന് സർവേ പ്രവചിക്കുന്നു.
തൃശൂരിൽ എൽ.ഡി.എഫിന്റെ രാജാജി മാത്യു തോമസ് അട്ടിമറി വിജയം നേടും.ആലത്തൂര്‍ പി.കെ. ബിജു നിലനിറുത്തും. എന്നാൽ ചാലക്കുടി, എറണാകുളം, കോട്ടയം, ഇടുക്കി മണ്ഡലങ്ങൾ യു.ഡി.എഫിനെയാണ് തുണയ്ക്കുക. ആലത്തൂരിൽ പി. കെ.ബിജുവിന് 42.6 ശതമാനം വോട്ട് ലഭിക്കുമ്പോൾ രമ്യക്ക് 41.4 ശതമാനം വോട്ട് ലഭിക്കും. എൻ.ഡി.എയ്ക്ക് 3.7 ശതമാനം വോട്ട് ലഭിക്കുമെന്നും സർവേ പറയുന്നു.
ചാലക്കുടിയിൽ നിലവിലെ എം.പിയായ ഇന്നസെന്റിന് കാലിടറും. നേരിയവ്യത്യാസത്തിൽ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാന് ലഭിക്കുക. സുരേഷ് ഗോപിക്ക് 20.8 ശതമാനം വോട്ടും ലഭിക്കുമെന്നും സർവേ പറയുന്നു.
എറണാകുളത്ത് പി രാജീവ് 39 ശതമാനം വോട്ട് നേടുമെന്ന് പറയുന്ന സർവേ ഹൈബി ഈഡൻ 39.6 ശതമാനം വോട്ട് നേടി വിജയകിരീടം അണിയുമെന്നാണ് പ്രവചിക്കുന്നത്. ഇടുക്കിയിൽ യു.ഡി.എഫിന്റെ ഡീൻ കുര്യാക്കോസ് ജോയ്സ് ജോർജിനെതിരെ അട്ടിമറി വിജയം നേടുമെന്ന് സർവേ പറയുന്നു. കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ വമ്പൻ വിജയം നേടുമെന്നാണ് പ്രവചനം.
വടക്കൻ കേരളത്തിൽ ഇടതു തരംഗമെന്നാണ് സർവേ ഫലങ്ങൾ പ്രവചിക്കുന്നത്. ആകെയുള്ള എട്ട് സീറ്റുകളിൽ അഞ്ചിലും ഇടതു പക്ഷം വിജയിക്കും. കാസർകോട് മണ്ഡലത്തിൽ രാജ്മോഹൻഉണ്ണിത്താനെതിരെ കെ.പി. സതീഷ് ചന്ദ്രൻ വിജയം നേടുമെന്നാണ് സർവേയിലുള്ളത്.
കണ്ണൂരിൽ പി.കെ.ശ്രീമതിയും കോഴിക്കോട് പ്രദീപ് കുമാറും നേരിയ ഭൂരിപക്ഷത്തിന് വിജയം നേടുമെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് തന്നെ ശ്രദ്ധേയപോരാട്ടം നടക്കുന്ന വടകരയിൽ പി ജയരാജൻ വിജയിക്കും. പാലക്കാട്ട് എം.ബി. രാജേഷ് ഹാട്രിക് വിജയം നേടുമെന്നും സർവേ പറയുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും സർവേ വ്യക്തമാക്കുന്നു. ലീഗ് കോട്ടകളായ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീറും മികച്ച വിജയം നേടുമെന്നും സർവേ പറയുന്നു.
കൈരളി ടിവിക്ക് സർവേയിൽ ഉത്തരവാദിത്തമില്ലെന്നും പൂർണ ഉത്തരവാദിത്തം സർവേ ഏജൻസിയായ സി.ഇ.എസിനായിരിക്കുമെന്നും അവതാരകൻ വ്യക്തമാക്കുന്നുണ്ട്. 20 മണ്ഡലങ്ങളിലായി 80 നിയമസഭാ മണ്ഡലങ്ങളിൽ 12000 പേർ സർവേയിൽ പങ്കെടുത്തതായി ഏജൻസി അവകാശപ്പെടുന്നു.