തിരുവനന്തപുരം: തെളിച്ചമില്ലാത്ത, അറുപഴഞ്ചൻ സ്കാനറുകളാണ് തിരുവനന്തപുരം വിമാനത്താവളം വഴി ആയിരക്കണക്കിന് കിലോഗ്രാം സ്വർണം കടത്താൻ സ്വർണക്കടത്തുകാർക്ക് തുണയാവുന്നത്. ബാഗേജുകളും പെട്ടികളും സ്കാൻ ചെയ്യുമ്പോൾ തെളിച്ചമില്ലെന്നും ഉള്ളിലുള്ള സാധനങ്ങൾ വ്യക്തമായി കാണാനാവില്ലെന്നും ഏറെക്കാലമായി കസ്റ്റംസ് പരാതിപ്പെടുന്നതാണ്. പക്ഷേ, എയർപോർട്ട് അതോറിട്ടി വകവച്ചില്ല. ഇതു മുതലെടുത്താണ് തിരുവനന്തപുരത്തെ സ്വർണക്കടത്തിന്റെ കേന്ദ്രമാക്കി മാഫിയകൾ മാറ്റിയത്. തുടർച്ചയായി സ്വർണക്കടത്തിന്റെ പശ്ചാത്തലത്തിൽ അത്യാധുനിക സ്കാനറുകൾ സ്ഥാപിക്കണമെന്ന് എയർപോർട്ട് അതോറിട്ടിയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) വ്യക്തമാക്കി.
കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ 3ഡി ചിത്രം പകർത്തുന്ന അത്യാധുനിക സ്കാനറുകളാണുള്ളത്. തെളിച്ചമില്ലാത്ത സ്കാനറിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെ സമർത്ഥമായി കബളിപ്പിച്ച് സ്വർണം കടത്താൻ ദുബായിൽ കാരിയർമാർക്ക് സ്വർണക്കടത്തുകാർ പരിശീലനം നൽകിയതായി ഡി.ആർ.ഐ കണ്ടെത്തിയിട്ടുണ്ട്. അലുമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് 4 പോളിത്തീൻ കവറുകളിലാക്കി ഹാൻഡ് ബാഗിലാണ് എട്ടരക്കോടിയുടെ സ്വർണം കൊണ്ടുവന്നത്. സ്വർണം രൂപമാറ്റം വരുത്തിയും മറ്ര് പല മാർഗത്തിലൂടെയും സ്കാനറിനെ കബളിപ്പിക്കാൻ സ്വർണക്കടത്തുകാർക്ക് അറിയാം. പരിശോധനാ സംവിധാനങ്ങളിലെ അപര്യാപ്തത ഉദ്യോഗസ്ഥരിൽ നിന്ന് മനസിലാക്കിയാണ് കടത്തുകാർ തിരുവനന്തപുരം താവളമാക്കിയതെന്നാണ് വിവരം.
മലേഷ്യൻ കമ്പനി നിർമ്മിത അത്യാധുനിക സ്കാനറുകൾ വാങ്ങണമെന്നാണ് കസ്റ്റംസും ഡി.ആർ.ഐയും ശുപാർശ ചെയ്തത്. എന്നാൽ എയർപോർട്ട് അതോറിട്ടിക്ക് ഇതിനുള്ള നടപടിക്രമങ്ങൾ സങ്കീർണമാണ്. ഇതെല്ലാം പൂർത്തിയായി സ്കാനർ ലഭിക്കുമ്പോഴേക്കും മൂന്നുവർഷമെടുക്കും. അപ്പോഴേക്കും ആ സാങ്കേതികവിദ്യ പഴഞ്ചനാവും. അതിനാലാണ് തിരുവനന്തപുരത്ത് പുതിയ സ്കാനറുകൾ സ്ഥാപിക്കാത്തത്. സ്വകാര്യപങ്കാളി വരുമ്പോൾ വിമാനത്താവളത്തിൽ ആധുനിക സ്കാനർ ലഭിച്ചേക്കും- ഡി.ആർ.ഐ ഉദ്യോഗസ്ഥൻ സിറ്റികൗമുദിയോട് പറഞ്ഞു.
അമേരിക്കയിൽ നിന്നെത്തിച്ച ഇൻലൈൻ എക്സ്റേ സ്കാനറാണ് കണ്ണൂർ വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുള്ളത്. ഉയർന്ന റെസലൂഷനിലൂള്ള വിർച്വൽ 3ഡി ചിത്രങ്ങൾ പകർത്താൻ ഇതിനാവും. അത്യാധുനിക സംവിധാനങ്ങളോടുകൂടിയുള്ള ഈ യന്ത്റത്തിൽ ബാഗേജുകളുടെ സുരക്ഷാ പരിശോധന എളുപ്പമാണ്. ബാഗുകൾക്കുള്ളിലെ സ്ഫോടക വസ്തുക്കൾ കണ്ടെത്താനുള്ള സിടി സ്കാൻ സംവിധാനവും ബാഗിനകത്തെ വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുന്ന എക്സ്റേ സംവിധാനവും യന്ത്റത്തിലുണ്ട്. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഓട്ടോമാറ്റിക് ആയി സൂക്ഷ്മപരിശോധന നടത്തും. മണിക്കൂറിൽ ആയിരക്കണക്കിന് ബാഗേജുകൾ പരശോധിക്കാം. ഇതിലെ ക്രോസ് സെക്ഷണൽ ഇമേജിംഗ് സംവിധാനം തെറ്റായ മുന്നറിയിപ്പുകൾ കുറയ്ക്കാനും അതുവഴി യാത്രക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും സഹായിക്കുന്നു.
നെടുമ്പാശേരിയിൽ ത്രിമാന പ്രതിബിംബം ലഭിക്കുന്ന അത്യാധുനിക സ്കാനറിലാണ് ബാഗേജ് പരിശോധന. ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽ (ബി.സി.എ.എസ്) നിന്ന് പ്രത്യേക അനുമതി ലഭിച്ചിട്ടുള്ള സ്ക്രീനർമാരാണ് ബാഗേജുകൾ പരിശോധിക്കുന്നത്. വിമാനത്തിലേക്കുള്ള എല്ലാ ചെക്ക് ഇൻ ബാഗേജുകളും സ്ക്രീനിംഗ് നടത്തുന്നതിന്റെ ചുമതല സിയാൽ സെക്യൂരിറ്റി വിഭാഗത്തിനാണ്. നാല് ഘട്ടങ്ങളിലായാണ് പരിശോധന. ചെക്ക്ഇൻ കൗണ്ടറുകളിൽനിന്ന് ബെൽറ്റിലൂടെ നീങ്ങുന്ന ബാഗേജുകൾ അത്യാധുനിക സി.ടി സ്കാനറിലൂടെ കടന്നുപോകുന്നു. ആദ്യഘട്ടം മുതൽ മുഴുവൻ ബാഗേജും ത്രിമാന സ്കാനിംഗ് നടത്തുന്നത് ഇന്ത്യയിൽ നെടുമ്പാശേരിയിലെ അന്താരാഷ്ട്ര ടെർമിനലിൽ മാത്രമാണ്. ബാഗേജിന്റെ വിശദമായ ത്രിമാന രൂപം ഒന്നാംഘട്ടത്തിലെ സ്ക്രീനർമാരുടെ കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയും. സംശയം തോന്നിയാൽ വിശദപരിശോധനയ്ക്കായി ബാഗ് രണ്ടാംഘട്ടത്തിലേക്ക് അയയ്ക്കും. വീണ്ടും സ്ക്രീൻ ചെയ്യുമ്പോൾ സംശയം ബലപ്പെട്ടാൽ ബാഗ് കൺവെയർ സംവിധാനത്തിൽ നിന്ന് മാറ്റി എക്സ്റേ പരിശോധന നടത്തും. സംശയമുണ്ടെങ്കിൽ നാലാംഘട്ടത്തിൽ, യാത്രക്കാരനെ വിളിച്ചുവരുത്തി ബാഗ് തുറപ്പിക്കും.