തിരുവനന്തപുരം: ജൂൺ ആറോടെ കാലവർഷം കേരളത്തിൽ കാലുകുത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് എത്തിക്കഴിഞ്ഞു. മഴയെത്തുന്നതോടെ വേനൽചൂടിൽ നിന്നും ജലക്ഷാമത്തിൽ നിന്നും മോചനമെന്ന് ഭൂരിഭാഗം കേരളീയരും ആശ്വസിക്കുമ്പോൾ തീരദേശവാസികളുടെ മനമുരുകുകയാണ്. വീടടക്കം സർവതും കവർന്നെടുക്കാൻ മഴയെ കൂട്ടുപിടിച്ച് കടൽ ഏത് നിമിഷവും പാഞ്ഞടുക്കുമെന്ന ആധിയിലാണ് തീരദേശം. കഴിഞ്ഞ ഇരുപതുവർഷമായി കടൽക്ഷോഭം നേരിടുന്ന മേഖലയാണ് വലിയതുറയും ചെറിയതുറയും. കഴിഞ്ഞ മാസം അവസാനം തെക്ക് കിഴക്കൻ ശ്രീലങ്കയോട് ചേർന്നുള്ള സമുദ്ര ഭാഗത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് വെറും മൂന്ന് ദിവസം മാത്രമുണ്ടായ കടൽക്ഷോഭത്തിൽ ഒമ്പത് വീടുകളാണ് വലിയതുറയിൽ പൂർണമായി തകർന്നത്. മൂപ്പതോളം പേർ എന്നെന്നേക്കുമായി തെരുവിലായി. നൂറോളം പേരെ വലിയതുറ ബഡ്സ് യു.പി സ്കൂൾ, വലിയതുറ ഗവ. യു.പി സ്കൂൾ എന്നിവിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ക്യാമ്പിലെത്തിയവരിൽ ഭൂരിഭാഗം പേരും കഴിഞ്ഞ ജൂലായിലുണ്ടായ കടലേറ്റത്തിൽ നശിച്ച വീടിന്റെ ഭാഗങ്ങൾ പുനർനിർമ്മിച്ചവരാണ്. ഏപ്രിലിലെത്തിയ കടലേറ്റത്തിൽ അവ വീണ്ടും തകർന്നു. ചെറിയതുറ മുതൽ കൊച്ചുതോപ്പ് വരെ ഒന്നാം നിരയിലെ വീടുകളാണ് വെള്ളപ്പൊക്ക ഭീഷണിയിലായത്. വലിയതുറ തീരത്തെ 200 കുടുംബങ്ങൾ കടൽക്ഷോഭ ഭീഷണി നേരിടുന്നു. പലയിടത്തും തീരത്തുനിന്നും പത്തു മീറ്ററോളം കടൽ കരയിലേക്കു കയറിക്കഴിഞ്ഞു.
ഈ മഴ താണ്ടുമോ പാലം ?
വലിയതുറ പാലത്തിന്റെ ബീമുകളും അപകടാവസ്ഥയിലാണ്. തൂണുകളിലെയും കോൺക്രീറ്റ് ആവരണം അടർന്ന് വീണുകഴിഞ്ഞു. ഉള്ളിലെ കമ്പികളും വളഞ്ഞു തുടങ്ങി. 703 അടി നീളവും 24 അടി വീതിയുമുള്ള പാലത്തിന് 127 പില്ലറുകളുണ്ട്. ഇതിൽ 19 പില്ലറുകളിൽ വിള്ളൽ കണ്ടെത്തിയിരുന്നു. 1957ൽ പത്തുലക്ഷത്തി പതിനായിരം രൂപ ചെലവിട്ടാണ് പാലം നിർമിച്ചത്. ഭൗമപഠന കേന്ദ്രത്തിന്റെ ശേഷിച്ച ഭാഗം സംരക്ഷിക്കാൻ ഈ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടാനും പാലം പൈതൃക സ്വത്തായി സംരക്ഷിക്കാനും തീരുമാനിച്ചിരുന്നു.
നവീകരണത്തിന്റെ പേരിൽ വർഷാവർഷം കുമ്മായം പൂശുന്നതല്ലാതെ മറ്റൊന്നും ഇവിടെ നടക്കാറില്ല. മൂന്നു വർഷം മുൻപാണ് കടൽക്ഷോഭത്തിൽ പാലത്തിന് സമീപത്തെ സിഗ്നൽ ലൈറ്റ് കേന്ദ്രം തകർന്നത്. അന്ന് സർക്കാർ കല്ലുകൾ നിരത്തി മറ്റു ഭാഗങ്ങൾ സംരക്ഷിച്ചു. ഇതിന് സമാനമായ സ്ഥിതിയാണ് ഇപ്പോഴത്തേത്.
പുലിമുട്ടെവിടെ ?
വലിയതുറ ഭാഗത്തെ കടലേറ്റം ഒരുപരിധിവരെ കുറയ്ക്കാൻ പുലിമുട്ടുകൾ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൂന്തുറ, ബീമാപള്ളി പ്രദേശങ്ങളിൽ പുലിമുട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. വലിയതുറയ്ക്ക് സമീപം 71 ലക്ഷം രൂപ ചെലവഴിച്ച് ചെറിയതുറ വരെ പുലിമുട്ട് നിർമ്മിച്ചു. എന്നാൽ അവയൊന്നും ശാസ്ത്രീയമല്ലെന്നും ആരോപണമുണ്ട്. പുലിമുട്ടുകൾക്ക് നീളം കുറവാണ്. 300 മീറ്റർ നീളത്തിൽ പുലിമുട്ടുകൾ നിർമ്മിച്ചാൽ മാത്രമേ കടൽക്ഷോഭം തടയാൻ കഴിയൂവെന്നും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
തീരസംരക്ഷണത്തിന് കോടികൾ ഇതിനോടകം ചെലവഴിച്ചിട്ടുണ്ടെന്നതാണ് സർക്കാർ കണക്കുകൾ. എന്നാൽ ഇത്തവണയും കാലവർഷം എത്തുന്നതിന് മുൻപ് തീരം വിട്ട് ബന്ധുവീടുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കടലിനോട് ചേർന്ന് ജീവിക്കുന്നവർ. കേരളത്തിലെ തീരദേശ മേഖലകളിൽ തീരവാസികളുടെ വേദന സർക്കാർ മനസിലാക്കുന്നില്ല എന്നതിന്റെ നേർചിത്രമാണ് തലസ്ഥാനത്തെ തീരദേശ മേഖല.
കടൽഭിത്തി നിർമാണത്തിന് അപേക്ഷയുമായി കളക്ടറേറ്റ് കയറിയിറങ്ങുന്നവരോട് ഭിത്തികെട്ടാൻ പാറ ലഭ്യമല്ലെന്ന മറുപടിയാണ് ജില്ലാ ഭരണകൂടം നൽകുന്നത്. ശാസ്ത്രീയമായ കടൽഭിത്തി നിർമാണത്തിലേക്ക് സർക്കാർ നീങ്ങിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിനാവും തീരദേശമേഖല സാക്ഷിയാവുക.
സഞ്ചാരികൾക്ക് ഭീഷണിയായി ശംഖുംമുഖം ബീച്ചിലെ ഡോൾഫിൻ മാതൃകയും
കടലേറ്റം ശക്തമായതോടെ ശംഖുംമുഖം ബീച്ചിൽ നിർമ്മിച്ച ഡോൾഫിന്റെ മാതൃക സഞ്ചാരികൾക്ക് ഭീഷണിയാകുന്നു. ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി തീരത്ത് മണ്ണിൽ സ്ഥാപിച്ച മാതൃക, തിരയിൽപ്പെട്ട് ഏത് നിമിഷവും നിലംപതിക്കാമെന്ന അവസ്ഥയിലാണ്. ബീച്ച് ഫെസ്റ്റ് അവസാനിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും അധികൃതർ ഇതു നീക്കംചെയ്തിട്ടില്ല. ശക്തമായ തിര ഉണ്ടാകുമ്പോൾ മണ്ണ് ഒലിച്ചുപോയി ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കുട്ടികളടക്കം നിരവധിയാളുകളാണ് തീരത്ത് എത്തുന്നത്. ഇതിനടിയിൽപ്പെട്ട് സഞ്ചാരികൾക്ക് അപകടം സംഭവിക്കാമെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ കടൽക്ഷോഭത്തിൽ ബീച്ചിലെ നടപ്പാതകളും തകർന്നിട്ടുണ്ട്. രണ്ടു കിലോമീറ്റർ നീളമുള്ള ബീച്ചിൽ ആവശ്യത്തിന് ലൈഫ് ഗാർഡുകൾ ഇല്ലെന്ന പരാതിയുമുണ്ട്.