തിരുവനന്തപുരം : മത്സ്യ സങ്കേതമായി സർക്കാർ അംഗീകരിച്ച വെള്ളായണി കായലിൽ മത്സ്യ സമ്പത്തിന്റെ പ്രോത്സാഹനത്തിനായി പദ്ധതികൾ ഇല്ലാതെ വന്നതോടെ താമരയിലയും കുളവാഴയും നിറഞ്ഞ അവസ്ഥയിലായി. വിവിധയിനം നാടൻ മത്സ്യങ്ങളുടെയും കരിമീൻ അടക്കമുള്ള വിലയേറിയ മത്സ്യ സമ്പത്തിന്റെയും കലവറയായിരുന്ന വെള്ളായണി കായലാണ് പായൽ മൂടിയതോടെ മീൻ ഒഴിഞ്ഞ ജലാശയമായത്. സമീപത്തെ നിരവധിപേരാണ് കായലിനെ ആശ്രയിച്ച് മത്സ്യ ബന്ധനം നടത്തി ഉപജീവനം കഴിച്ചിരുന്നത്. എന്നാൽ മീൻ കുറഞ്ഞതോടെ ഇത്തരക്കാരുടെ വരുമാന മാർഗം മുട്ടിയ നിലയിലാണ്.
സാധാരണയായി വള്ളത്തിൽ പോയി വലയെറിഞ്ഞാണ് മീൻപിടിത്തം നടത്തിയിരുന്നത്. താമരയിലയും കുളവാഴയും നിറഞ്ഞതിനാൽ വലയെറിഞ്ഞ് മീൻ പിടിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. കായലിൽ നിന്നു പിടിക്കുന്ന മീൻ വെള്ളായണി കായൽ മത്സ്യത്തൊഴിലാളി ക്ഷേമ സംഘത്തിന്റെ മത്സ്യ വില്പന സ്റ്റാളിലെത്തിച്ചാണ് വിൽക്കുന്നത്. ഇവിടത്തെ കരിമീനിനായി മുൻപ് ആവശ്യക്കാർ ഏറെയായിരുന്നു ഉണ്ടായിരുന്നത്. നഗരത്തിന്റെ ഫൈവ് സ്റ്റാർ ഹോട്ടലുകളിലടക്കം ഇവിടെനിന്നു കൊണ്ടുപോകുന്ന കരിമീനാണ് പ്രധാന ഭക്ഷണമായി തയ്യാറാക്കിയിരുന്നത്.
കായലിലെ ഒട്ടുമിക്ക നാടൻ മീനുകളും ഇപ്പോൾ കാണാനേയില്ലെന്നാണ് മീൻ പിടിത്തക്കാർ പറയുന്നത്. ആറ്റുവാള, നാടൻ കൊഞ്ച്, ഉടവല തുടങ്ങിയ മീനുകളാണ് ഇപ്പോൾ കാണാനില്ലെന്ന് ഇവർ പറയുന്നത്. മീൻ കുറഞ്ഞതോടെ തൊഴിലാളികൾ മറ്റു പണികൾക്കായി പോകുകയാണ്. മത്സ്യ സമ്പത്ത് നിലനിറുത്താനും, അത് പരിപോഷിപ്പിക്കാനും വേണ്ടുന്ന പദ്ധതികൾ സർക്കാർ ആവഷ്കരിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
ഇറച്ചിമാലിന്യങ്ങൾ തള്ളുന്നതും പതിവായി
കായൽ തീരത്തെ റിസർവോയറിൽ സാമൂഹ്യവിരുദ്ധർ കോഴിമാലിന്യം തള്ളുന്നത് കായൽ ജലത്തിന്റെ സ്വാഭാവികതയെ നശിപ്പിക്കുകയാണ്. റിസർവോയറിൽ വൻതോതിൽ മാലിന്യം നിക്ഷേപിച്ചതോടെ പ്രദേശവാസികളായ പതിനായിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുന്ന അവസ്ഥയാണ്. ചാക്കുകളിൽ കെട്ടിനിറച്ച മാലിന്യങ്ങൾ രാത്രികാലങ്ങളിലാണ് കായലിന് സമീപത്തെ ആളൊഴിഞ്ഞ കോണിൽ നിക്ഷേപിക്കുന്നത്.
വെള്ളായണി കായൽ
കോവളത്തിനു സമീപം കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് വെള്ളായണി കായൽ. കോവളത്തു നിന്ന് 7 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ചെയ്യുന്ന ഈ ശുദ്ധജലതടാകത്തിന്റെ വിസ്തീർണം, സർവേ ഒഫ് ഇന്ത്യയുടെ കണക്കുപ്രകാരം 750 ഹെക്ടർ ആണ്. കായൽ കൈയേറ്റങ്ങളെത്തുടർന്ന് ഇപ്പോൾ കായൽ വിസ്തൃതി 450 ഏക്കറായി ചുരുങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ ശുദ്ധജലതടാകമാണിത്.