തിരുവനന്തപുരം: മലയാളത്തിന്റെ കവിശ്രേഷ്ഠന് പിറന്നാൾ ആശംസയുമായി സാഹിത്യലോകം. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ എൺപതാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഭാരത് ഭവനിൽ ആശംസാ സമ്മേളനം സംഘടിപ്പിച്ചാണ് കവിയുടെ സാഹിത്യ സംഭാവനകളെ സാഹിത്യ ലോകം പ്രകീർത്തിച്ചത്. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ കാരണം കവിയുടെ അസാന്നിദ്ധ്യത്തിൽ നടന്ന സമ്മേളനം ഡോ. കെ. ഓമനക്കുട്ടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കവി കെ.വി. രാമകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. മഹാരാജാസിലെ പഠനകാലവും വിഷ്ണുനാരായണൻ നമ്പൂതിരി അവിടെ അദ്ധ്യാപകനായി എത്തിയതും കെ.വി. രാമകൃഷ്ണൻ ഓർമ്മിച്ചു. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ തിരുവല്ലയിലെ വീട്ടിൽ പി.ജി പഠനകാലത്ത് താമസിച്ച് പഠിച്ചതും ശ്രീവല്ലഭ ക്ഷേത്രത്തിലെ കവി സമ്മേളനങ്ങളും സമ്പന്നമായ ഓർമ്മകളുടെ കാലമാണെന്നും കെ.വി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. വിഷ്ണുവിന് സമ്മേളനത്തിൽ സജീവമായി പങ്കെടുക്കാൻ കഴിയുന്നില്ലല്ലോ എന്ന വിഷമം പങ്കുവച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
കവി പ്രഭാവർമ്മ മുഖ്യപ്രഭാഷണം നടത്തി. മലയാള കവിതയിലെ 'സ്വത്വശുദ്ധിയുടെ പൂർണാവതാര'മാണ് വിഷ്ണുനാരായണൻ നമ്പൂതിരിയെന്ന് പ്രഭാവർമ്മ വിശേഷിപ്പിച്ചു. ഋഷിതുല്യനായ മനുഷ്യനായ വിഷ്ണുനാരായണൻ നമ്പൂതിരി ബൃഹത്തായ കാവ്യസംഭാവനകൾ നൽകിയാണ് മലയാള ഭാഷയെ സമ്പന്നമാക്കിയതെന്നും പ്രഭാവർമ്മ പറഞ്ഞു. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വിശിഷ്ടങ്ങളായ കവിതകളിലൂടെയുള്ള ബൃഹദ് സഞ്ചാരമായി മാറി പ്രഭാവർമ്മയുടെ പ്രഭാഷണം.
ആനന്ദ് കാവാലം, ഡോ. ശ്രീദേവി നായർ, പ്രൊഫ. വി. മധുസൂദനൻ നായർ എന്നിവരും വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കാവ്യ സംഭാവനകളെ കുറിച്ച് സംസാരിച്ചു.കവി പത്മദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന കവിസമ്മേളനത്തിൽ മുരളി പുറനാട്ടുകര, ആര്യാംബിക, അനഘ, ഗായത്രി ശുചീന്ദ്രൻ, സുമേഷ് കൃഷ്ണൻ എന്നിവർ വിഷ്ണു നാരായണൻ നമ്പൂതിരിയുടെ കാവ്യഗീതികൾ ആലപിച്ചു.
വിഷ്ണു നാരായണൻ നമ്പൂതിരിയുടെ 'ചിത്രകേതു വിജയം ആട്ടക്കഥ' എന്ന പുസ്തകം പ്രൊഫ. വി. മധുസൂദനൻ നായർ പ്രൊഫ. കേശവൻ നമ്പൂതിരിക്ക് നൽകിയും, വിഷ്ണുനാരായണൻ നമ്പൂതിരിയുടെ മകൾ അദിതി രചിച്ച 'വൈകിയോ ഞാൻ' എന്ന പുസ്തകം കവി പ്രഭാവർമ്മ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന് നൽകിയും പ്രകാശനം ചെയ്തു. നെല്ലിയോട് വാസുദേവൻ നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന 'ചിത്രകേതു വിജയം' കഥകളിയും അരങ്ങേറി.
വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ശിഷ്യരും വായനക്കാരുമായി നൂറിലധികം സാഹിത്യ പ്രേമികൾ ഭാരത് ഭവൻ അങ്കണത്തിലെത്തി.