തിരുവനന്തപുരം: നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കായി വിവിധോദ്ദേശ്യ വിശ്രമ കേന്ദ്രങ്ങൾ നഗരസഭ ആരംഭിക്കുന്നു. കിഴക്കേകോട്ട ഗാന്ധിപാർക്ക്, മെഡിക്കൽ കോളേജ്, പട്ടം, കേശവദാസപുരം എന്നിവിടങ്ങളിലാണ് ആകെ 80 ലക്ഷം രൂപ ചെലവിട്ട് നാല് വിശ്രമ കേന്ദ്രങ്ങൾ നഗരസഭ സ്ഥാപിക്കുന്നത്. ട്രിവാൻഡ്രം ഡെവലപ്മെന്റ് അതോറിട്ടി (ട്രിഡ)യ്ക്കാണ് നിർമ്മാണച്ചുമതല. വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നെങ്കിലും സ്ഥലം ലഭിക്കാതെ വന്നതിനെ തുടർന്ന് പദ്ധതി വൈകുകയായിരുന്നു.
ഗാന്ധിപാർക്കിൽ നഗരസഭയുടെ സ്വന്തം സ്ഥലത്ത് തന്നെയാണ് വിശ്രമകേന്ദ്രം സ്ഥാപിക്കുക. ട്രാഫിക് സ്റ്റേഷന് എതിർവശത്തുള്ള ഹൗസിംഗ് ബോർഡ് കോളനിയുടെ പുറമ്പോക്ക് ഭൂമിയിലാണ് പട്ടത്തെ വിശ്രമകേന്ദ്രം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. ഹൗസിംഗ് ബോർഡിന്റെ കൈവശമുള്ള ഭൂമി നിർമ്മാണത്തിനായി വിട്ടുകിട്ടുന്നതിനായുള്ള ചർച്ചകൾ നഗരസഭ തുടങ്ങിക്കഴിഞ്ഞു. ഉദ്യോഗസംബന്ധമായ കാര്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി നിത്യേന നഗരത്തിലെത്തുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും മത്സരപരീക്ഷകൾക്കായി എത്തുന്നവരുടെ കൂടെയുള്ളവർക്കുമായാണ് വിശ്രമകേന്ദ്രങ്ങൾ കൂടുതൽ പ്രയോജനപ്പെടുക. കേശവദാസപുരത്ത് ട്രിഡയുടെ തന്നെയുള്ള കേദാരം ഷോപ്പിംഗ് കോംപ്ളക്സിലാകും വിശ്രമകേന്ദ്രം സ്ഥാപിക്കുക. മെഡിക്കൽ കോളേജിൽ 2.5 സെന്റ് ഭൂമിയിലാണ് വിശ്രമകേന്ദ്രം പണിയുക.
സ്ത്രീ സൗഹൃദം
ടോയ് ലറ്റ്, ക്ളോക്ക് റൂം, കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള സൗകര്യങ്ങൾ എന്നിവ എല്ലാ വിശ്രമ കേന്ദ്രങ്ങളിലുമുണ്ടാകും.
ടോയ് ലറ്റ്
ഇനിയും വേണം
നിലവിൽ നഗരത്തിൽ ഒമ്പത് ടോയ് ല റ്റുകളാണുള്ളത്. ഇവയെല്ലാം തന്നെ പണം കൊടുത്ത് ജനങ്ങൾക്ക് ഉപയോഗിക്കാവുന്നവയാണ്. എന്നാൽ, നഗരത്തിലെത്തുന്ന ജനങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിന് ഇത്രയും ടോയ്്ലറ്റുകൾ അപര്യാപ്തമാണ്. മാത്രമല്ല, കോർപറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ശുചിമുറികൾ വേണ്ടത് പോലെ പരിപാലിക്കാനും നഗരസഭയെ കൊണ്ട് കഴിയാത്ത സാഹചര്യമാണുള്ളത്.
നാപ്കിൻ വെൻഡിംഗ് മെഷീനുകൾ റെഡി
അതേസമയം, പെൺകുട്ടികളും സ്ത്രീകളും കൂടുതൽ വന്നെത്തുന്ന നഗരത്തിലെ വ്യത്യസ്തയിടങ്ങളിൽ ഉപയോഗം കഴിഞ്ഞവ കത്തിച്ചുകളയാനുള്ള സൗകര്യത്തോടെ നാപ്കിൻ വെൻഡിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഗവ. വിമെൻസ് കോളേജ്, കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ്, പട്ടം ജി.എച്ച്.എസ്, സെന്റ് മേരീസ് സ്കൂൾ, ആൾ സെയിന്റ്സ് കോളേജ്, മ്യൂസിയം, കനകക്കുന്ന് പാലസ്, പുത്തരിക്കണ്ടം പബ്ളിക് കംഫർട്ട് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലും വെൻഡിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. നാപ്കിൻ വെൻഡിംഗ് മെഷീൻ, നാപ്കിൻ ഉപയോഗിച്ചതിനുശേഷമുള്ളവ കത്തിച്ചുകളയാനുള്ള ഇൻസിനറേറ്റർ എന്നിവയടക്കം 6,500 രൂപയാണ് ഒരു യൂണിറ്റിന് വേണ്ടിവരുന്നത്. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നാണ് തുക അനുവദിക്കുന്നത്.
സ്ത്രീസൗഹൃദ വിശ്രമകേന്ദ്രങ്ങൾ കാലങ്ങളായുള്ള നഗരത്തിന്റെ ആവശ്യമാണ്.
അത് ഉടനേ യാഥാർത്ഥ്യമാകും. നഗരസഭയുടെ അടുത്ത യോഗത്തിൽ പദ്ധതിക്ക് അംഗീകാരം ലഭിക്കും.- പാളയം രാജൻ, നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ