തിരുവനന്തപുരം: സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളുടെ കഥകൾ എത്ര തവണ വായിച്ചാലും കേട്ടാലും മതിയാകാറില്ല, അതിനി പഴയതലമുറയ്ക്കായാലും പുതുതലമുറയ്ക്കായാലും. സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യക്കാർ നടന്ന് കയറിയതിന്റെ ജീവിക്കുന്ന ചരിത്രമാണ് അഡ്വ. കെ. അയ്യപ്പൻ പിള്ള. നൂറ്റിയഞ്ചിന്റെ നിറവിലാണിന്ന് ഈ സ്വാതന്ത്ര്യസമരസേനാനി.
1934ൽ മഹാത്മാഗാന്ധിയെ നേരിട്ട് കാണുന്നതും അടുത്ത് ഇടപെഴുകുന്നതുമാണ് അയ്യപ്പനെ സ്വാതന്ത്ര്യസമരത്തിലേക്ക് നയിക്കുന്നത്. 1934 ജനുവരി 28ന് തിരുവതാംകൂറിൽ എത്തിയ ഗാന്ധിജിയെ സ്വീകരിക്കാനും അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കാനും അന്നത്തെ പ്രമുഖ നേതാവ് ജി. രാമചന്ദ്രൻ അയ്യപ്പൻ ഉൾപ്പെടെയുള്ള യുവാക്കളെയായിരുന്നു ചുമതലപ്പെടുത്തിയത്. ആ കാലത്ത് അയ്യപ്പൻ വിദ്യാർത്ഥിയാണ്. 1938ലാണ് അയ്യപ്പൻപിള്ളയുടെ അമ്മാവൻ കൂടിയായ എ. നാരായണ പിള്ളയുടെ നേതൃത്വത്തിൽ ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസ് തിരുവനന്തപുരം പുളിമൂട്ടിലുള്ള വക്കീൽ ഓഫീസിൽ വച്ച് രൂപം കൊള്ളുന്നത്. സ്റ്റേറ്റ് കോൺഗ്രസിനോട് താത്പര്യമായി. ബ്രിട്ടീഷ് ഇന്ത്യയിലെ പോലെയുള്ള പ്രക്ഷോഭങ്ങൾ രാജഭരണത്തിലായിരുന്ന തിരുവിതാംകൂറിൽ ഉണ്ടായിരുന്നില്ല.
അതിന് പ്രധാന കാരണം ബ്രിട്ടീഷുകാർക്ക് ഇവിടുത്തെ നിയന്ത്രണം നേരിട്ട് അല്ലെന്നതായിരുന്നു. പക്ഷേ, രാജ്യാന്തര തലത്തിൽ ഉണ്ടായിക്കൊണ്ടിരുന്ന പ്രക്ഷോഭങ്ങളും മാറ്റങ്ങളും ഇവിടെയും പ്രതിഫലിച്ചിരുന്നു. വിദേശവസ്ത്ര ബഹിഷ്കരണത്തിൽ സജീവമായി പങ്കെടുത്തിരുന്നു. അന്ന് അതിന്റെ വോളന്റിയർ കൂടിയായിരുന്നു അയ്യപ്പനും. ദിവാൻ സി.പി. രാമസ്വാമിക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ സജീവമായപ്പോൾ ഗാന്ധിജി നൽകിയ നിർദ്ദേശം പാലിച്ച് രാജ്യസ്വാതന്ത്ര്യത്തിനായുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. 1947ൽ രാജ്യം സ്വാതന്ത്ര്യം നേടിയശേഷം പിന്നെ സംസ്ഥാന രൂപീകരണത്തിനും ആദ്യ മന്ത്രിസഭ രൂപീകരിക്കുന്നതിലുമൊക്കെ നേർ സാക്ഷിയായിരുന്നു അയ്യപ്പൻപിള്ള.
1948ൽ തിരുവിതാംകൂറിലെ ആദ്യ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കാൻ പരിഗണിക്കപ്പെട്ട അയ്യപ്പൻപിള്ള തിരുവനന്തപുരം നഗരസഭാ മുൻ കൗൺസിലറാണ്. അറിയപ്പെടുന്ന അഭിഭാഷകനും. ബി.ജെ.പി മുൻ സംസ്ഥാന വൈസ് പ്രസിഡന്റായ ഇദ്ദേഹം ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങുകയും ചെയ്തു. അയ്യപ്പൻ പിള്ള വിശ്രമിക്കുന്നില്ല. വാർദ്ധക്യത്തിന്റെ അവശതകളിലും ചർച്ചകളും വായനയുമൊക്കെയായി അയ്യപ്പൻപിള്ള സജീവമാണ്.
അയ്യപ്പൻപിള്ളയെ ആദരിച്ചു
105-ാം ജന്മദിനത്തോട് അനുബന്ധിച്ച് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ലിറ്റററി ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അയ്യപ്പൻ പിള്ളയെ ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഓർമ്മകൾ ഉൾപ്പെടുത്തി എസ്. ഉമാ മഹേശ്വരിയും ഡോ. എ.എസ്. വൈശാഖും ചേർന്നെഴുതിയ 'ഓർമ്മകൾക്ക് 105' എന്ന പുസ്തകം കാർട്ടൂണിസ്റ്റ് എസ്. സുകുമാറിന് നൽകി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ പ്രകാശനം ചെയ്തു. ഒ. രാജഗോപാൽ എം.എൽ.എ, മലയിൻകീഴ് ഗോപാലകൃഷ്ണൻ, രാജാവാര്യർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.