മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ കാത്തിരിക്കുന്നത് ദൃശ്യവിസ്മയമാണ്. കടലിനടിയിലെ സംഘട്ടനരംഗങ്ങളാണ് അതിൽ പ്രധാനപ്പെട്ടത്. അണ്ടർ വാട്ടർ ഫൈറ്റ് സീനുകൾ എടുക്കുന്നതിൽ വിദ്ഗദ്ധരായ സാങ്കേതികപ്രവർത്തകരുടെ സഹായത്തോടെയാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചത്. വെള്ളത്തിനടിയിൽ ഏറെനേരം ശ്വാസമടക്കിപിടിച്ചിരിക്കുന്ന മരയ്ക്കാരുടെ രംഗങ്ങൾ ചിത്രത്തിലുണ്ടെന്നാണ് സൂചന.
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലെ വമ്പൻ സെറ്റിൽ യുദ്ധക്കപ്പലുകളും കടലായി തോന്നിക്കുന്ന വലിയ ടാങ്കുകളുമൊക്കെ ഒരുക്കിയിരുന്നു. അഞ്ചുതവണ ദേശീയ അവാർഡ് നേടിയ കലാസംവിധായകൻ സാബുസിറിലാണ് ഇതിന് രൂപകല്പന നൽകിയത്. 120 ദിവസം കൊണ്ടാണ് മരയ്ക്കാർ ചിത്രീകരിച്ചത്. ഭൂരിഭാഗം രംഗങ്ങളും ഹൈദരാബാദിൽ വച്ചാണ് ഷൂട്ട് ചെയ്തത്. തിരുവനന്തപുരത്ത് അഞ്ചുദിവസത്തെ വർക്കുണ്ടായിരുന്നു. ഇപ്പോൾ മരയ്ക്കാറിന്റെ ഡബിംഗ് ജോലികൾ പുരോഗമിക്കുകയാണ്. സുനിൽ ഷെട്ടി, അർജുൻ, മധു, സിദ്ദിഖ്, നെടുമുടിവേണു, മഞ്ജുവാര്യർ, പ്രണവ് മോഹൻലാൽ , കല്യാണി തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ക്രിസ്മസിന് ചിത്രം തിയേറ്ററിലെത്തും.