ashok-lavasa-

ന്യൂഡൽഹി: ചട്ടലംഘന പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ പറഞ്ഞു. ഇന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ സുനിൽ അറോറയുടെ നേതൃത്വത്തിൽ യോഗം ചേരാനിരിക്കെയാണ് ലവാസ നിലപാട് വ്യക്തമാക്കിയത്.

17 ആം ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ നരേന്ദ്രമോദിക്ക് ഒമ്പത് തവണ ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഉയർന്ന ആരോപണ പ്രത്യാരോപണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷനിൽ ചേരിതിരിവുണ്ടാക്കിയത്. മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന തെളിവു സഹിതമുള്ള ആരോപണങ്ങൾ പരിശോധിച്ച ശേഷം കമ്മിഷൻ നൽകിയ ക്ലീൻ ചിറ്റ് ആണ് സംഭവത്തിന്റെ തുടർച്ച. ക്ലീൻ ചിറ്റ് നൽകിയതിനെതിരായ കമ്മിഷൻ അംഗത്തിന്റെ വിയോജിപ്പ് മിനുട്സിൽ രേഖപ്പെടുത്താത്തതാണ് കമ്മിഷണർ അശോക് ലവാസയെ പരസ്യ വിമർശനത്തിന് പ്രേരിപ്പിച്ചത്. അതേസമയം, സുപ്രീംകോടതി ഇടപെടലുണ്ടാകുന്നത് വരെ തിരഞ്ഞെടുപ്പ് കമ്മിഷൻ ചട്ടലംഘനങ്ങളിൽ നടപടിയെടുത്തില്ലെന്നും ലവാസ ആരോപിക്കുന്നു.

എന്നാൽ, ഇത് ഒഴിവാക്കാമായിരുന്ന വിവാദമാണെന്നായിരുന്നെന്നും ഒരു വിഷയത്തിൽ ഏകാഭിപ്രായമുണ്ടാകണമെന്നില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ വ്യക്തമാക്കിയിരുന്നു. പദവിയിൽ ഇരിക്കുമ്പോൾ അഭിപ്രായ വ്യത്യാസം പരസ്യപ്പെടുത്താറില്ലെന്നും ലവാസയെ കുറ്റപ്പെടുത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. പെരുമാറ്റ ചട്ട ലംഘന പരാതികൾ പരിഗണിക്കുന്ന മുഖ്യ ഇലക്ഷൻ കമ്മിഷണർ സുനിൽ അറോറ അടങ്ങുന്ന മൂന്ന് അംഗ സമിതിയിലെ അംഗമാണ് ലവാസ.