election-2019

ന്യൂഡൽഹി : മോദി ഭരണം അതിന്റെ സർവ്വ പ്രതാപത്തോടും കൂടി ഇനിയും തുടരുമെന്ന എക്സിറ്റ്‌പോൾ പ്രവ
ചനത്തെ തുടർന്ന് വോട്ടെണ്ണൽ ദിനം ആഘോഷപൂരിതമാക്കാൻ ബി.ജെ.പി ഒരുങ്ങിക്കഴിഞ്ഞു. ഇതിന്റെ മുന്നോടിയായി ന്യൂഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്ത് കൂറ്റൻ പന്തൽ ഉയരുകയാണ്. ഇത് കൂടാതെ മധുര പലഹാരങ്ങൾ ഓർഡർ നൽകുന്ന തിരക്കിലാണ് നേതാക്കൾ. തിരഞ്ഞെടുപ്പ് വിജയങ്ങളിൽ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകർ വമ്പൻ ആഘോഷം സംഘടിപ്പിക്കാറുണ്ട്. പാർലമെന്ററി പാർട്ടി യോഗം ചേർന്ന ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായും പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന പതിവുമുണ്ട്. ഇപ്രാവശ്യം ആഘോഷം ഗംഭീരമാക്കണമെന്ന ദൃഢനിശ്ചയത്തിലാണ് നേതാക്കളും അണികളും എന്ന് മുന്നൊരുക്കങ്ങൾ കാണുമ്പോഴേ വ്യക്തമാവും.

അതേ സമയം എതിർ ചേരിയിൽ എക്സിറ്റ്‌പോൾ സമ്മാനിച്ച ആഘാതം വളരെ വലുതാണ്. എക്സിറ്റ് പോൾ ഫലങ്ങളെ പൂർണ്ണമായും തള്ളുമ്പോഴും പ്രതിപക്ഷത്ത് ആശങ്കയും ആശയക്കുഴപ്പവും മുറുകുന്നുണ്ട്. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസിന് വൻതിരിച്ചടി എന്ന എക്സിറ്റ് പോൾ ഫലമാണ് ഏറ്റവും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് ബി.ജെ.സർക്കാരുകളെ കടപുഴുകി അധികാരത്തിലേറിയ ഇടങ്ങളിൽ തിരിച്ചടി നേരിടും എന്ന പ്രവചനം ഉൾക്കൊള്ളാൻ കോൺഗ്രസ് നേതൃത്വത്തിനായിട്ടില്ല. ഫലപ്രഖ്യാപനം വരുന്ന മേയ് 23ന് യു.പി.എ അദ്ധ്യക്ഷ സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗം നടക്കാനുള്ള സാദ്ധ്യതയും എക്സിറ്റ് പോൾ പ്രവചനങ്ങളോടെ മങ്ങി. ബി.എസ്.പി നേതാവ് മായാവതി ഡൽഹിയിലെത്തി സോണിയാ ഗാന്ധിയെ കാണുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം തീരുമാനത്തിൽ നിന്നും പിൻമാറിയതും, തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസം ഡി.എം.കെ നേതാവ് സ്റ്റാലിന്റെ പ്രസ്താവാനയും പ്രതിപക്ഷ കൂട്ടായ്മയിലെ വിള്ളലിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ബി.ജെ.ഡി, ആന്ധ്രപ്രദേശിൽ ജഗ്‌മോഹന്റെ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ്, തെലുങ്കാനയിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ ടി.ആർ.എസ് എന്നിവരെ ഒപ്പം നിറുത്താനും കോൺഗ്രസ് നീക്കം തുടങ്ങിയിരുന്നു. എന്നാൽ എൻ.ഡി.എയ്ക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കപ്പെട്ടതോടെ ഈ നീക്കങ്ങൾ നിലച്ചമട്ടാണ്.

election-2019

എന്നാൽ പുതിയ സർക്കാർ രൂപീകരണമുൾപ്പെടെ ചർച്ചചെയ്യാൻ ലക്ഷ്യമിട്ട് എൻ.ഡി.എ സഖ്യകക്ഷി നേതാക്കൾക്കായി ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ ഡൽഹിയിൽ വിരുന്നൊരുക്കുകയാണ്. ഇന്ന് രാത്രി നടക്കുന്ന വിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, എൻ.ഡി.എ നേതാക്കൾ, മുതിർന്ന കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. ബി.ജെ.പി ആസ്ഥാനത്ത് അമിത് ഷായുടെ നേതൃത്വത്തിൽ നേതാക്കളുമായി ചർച്ചകൾ നടക്കും. എൻ.ഡി.എ കക്ഷി നേതാക്കളെ ഒപ്പം നിറുത്തുക എന്നതാണ് പ്രധാനമായും ബി.ജെ.പി ലക്ഷ്യമിടുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ കേവലഭൂരിപക്ഷം ലഭിക്കാതെ വന്നാലും സഖ്യകക്ഷികൾ കൈവിട്ട് പോകില്ലെന്ന് ഉറപ്പിക്കണം. ഒപ്പം ഭൂരിപക്ഷം ലഭിച്ചാൽ തന്നെ പ്രതിസന്ധികളില്ലാതെ വേഗത്തിൽ സർക്കാർ രൂപീകരണം പൂർത്തിയാക്കണം. കൂടുതൽ കക്ഷികൾക്കായി എൻ.ഡി.എ വാതിൽ തുറന്നിടുമെന്ന് അമിത് ഷാ വ്യക്തമാക്കിയതിനാൽ ഇക്കാര്യത്തിലും ചർച്ചകൾ നടക്കും. എൻ.ഡി.എ യോഗത്തിന് മുന്നോടിയായി വൈകിട്ട് ബി.ജെ.പിയുടെ പാർലമെന്ററി പാർട്ടി യോഗവും നടന്നേക്കും.

എക്സിറ്റ് പോൾ പ്രവചനം വന്നതോടെ വോട്ടിംഗ് മെഷീനുകളുടെ മേൽ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കാനാണ് പ്രതിപക്ഷ കക്ഷികൾ ശ്രദ്ധ നൽകുന്നത്. കൂടുതൽ ബൂത്തുകളിലെ വിവിപാറ്റ് സ്ളിപ്പുകൾ എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരിക്കുകയാണ്. എക്സിറ്റ് പോളുകളുടെ മറപിടിച്ച് ബി.ജെ.പി കൃത്രിമം കാണിക്കുമെന്ന ആരോപണം ആദ്യം ഉയർത്തിയത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ്. ആർ.ജെ.ഡി, ബി.എസ്.പി തുടങ്ങിയ കക്ഷികൾ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകളുടെ പരിസരത്ത് പാർട്ടി പ്രവർത്തകരെ കാവലിന് നിയോഗക്കുകയും ചെയ്തിട്ടുണ്ട്.