തിരുവനന്തപുരം: തിരുവനന്തപുരത്ത് നഗരപരിധിയിലുള്ള പ്രമുഖ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. പവർഹൗസ് റോഡിനു സമീപത്തുള്ള ചെല്ലം അംബ്രെല്ലാ മാർട്ടിലാണ് തീപിടിത്തം. അഗ്നിശമനസേനയുടെ 12 യൂണിറ്റുകൾ സ്ഥലത്തെത്തി തീ കെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എയർപോർട്ടിൽ നിന്നുള്ള പാന്തറും രക്ഷാപ്രവർത്തനത്തിന് എത്തിച്ചിട്ടുണ്ട്. വൻ അഗ്നിബാധയാണ് നഗരത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. സമീപത്തെ വ്യാപാരസ്ഥാപനങ്ങൾ, വീടുകൾ എന്നിവയിൽ നിന്നെല്ലാം തന്നെ ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
രാവിലെ 9.45യോടുകൂടിയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കിഴക്കേക്കോട്ട വ്യാപാരസമുച്ചയം, ചാല മാർക്കറ്റ്, നിരവധി വ്യാപാര സ്ഥാപനങ്ങൾ, റെയിൽവേ സ്‌റ്റേഷൻ എന്നിവ സമീപത്തായി സ്ഥിതി ചെയ്യുന്നുവെന്നത് ഏറെ ആശങ്ക ഉളവാക്കുന്നുണ്ട്. തീപിടിത്തത്തിന്റെ ഉത്ഭവസ്ഥാനം ഇനിയും കണ്ടെത്താൻ കഴിയാത്തതാണ് അഗ്നിശമന സേനയെ ഏറെ കുഴപ്പിക്കുന്നത്. എം.ജി റോഡിൽ നിന്നാണ് അഗ്നിശമന സേന വെള്ളം പമ്പു ചെയ്യുന്നത്.
രക്ഷാപ്രവർത്തനത്തിനിടെ ഒരു അഗ്നിശമനസേനാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. ചെങ്കൽചൂള യൂണിറ്റിലെ ഫയർമാനായ സന്തോഷിനാണ് പരിക്കേറ്റത്. തീ പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ വാഹനഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.
തീ നിയന്ത്രണവിധേയമായി കഴിഞ്ഞുവെന്നാണ് ഏറ്റവുമൊടുവിലായി ലഭിക്കുന്ന വിവരം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ പ്രശാന്ത്, വി.എസ് ശിവകുമാർ എം.എൽ.എ, സി.ദിവാകരൻ, വി.ശിവൻകുട്ടി എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.