കുന്ദമംഗലം:കുന്ദമംഗലത്തെ ഒരു പി.എസ്.സി.കോച്ചിംഗ് സെന്ററിലെ ബാത്ത് റൂമിൽ ഒളികാമറ വെച്ച് പെൺകുട്ടികളുടെ നഗ്നചിത്രം പകർത്തിയ കേസിൽ ഞായറാഴ്ച പൊലീസ് പിടിയിലായ തിരുവനന്തപുരം വെട്ട്കാട് വിപിൻ നിവാസിലെ പ്രവീൺകുമാർ(37) എന്ന പരിശീലകനെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. ഇയാൾ മഞ്ചേരി താലൂക്ക് ഓഫീസിലെ ഇൻസ്‌പെക്ഷൻ വിഭാഗത്തിൽ എൽഡി ക്ലാർക്കാണ്. അവധി ദിവസങ്ങളിൽ പി.എസ്.സി.കോച്ചിംഗ് സെന്ററുകളിൽ ക്ലാസെടുക്കുകയാണ് പതിവ്. കുന്ദമംഗലത്തെ കോച്ചിംഗ് സെന്ററിലെ ബാത്ത് റൂമിൽ പഴയ തുണിയിൽ പൊതിഞ്ഞാണ് ഇയാൾ പെൻകാമറ സ്ഥാപിച്ചിരുന്നത്. സ്ഥാപനത്തിലെ ഒരു ജീവനക്കാരിയാണ് ഞായറാഴ്ച ഉച്ചക്ക് കാമറ കണ്ടെത്തിയത്. ഇത് നിരീക്ഷിച്ചുകൊണ്ടിരുന്ന പരിശീലകൻ പെൻകാമറ തിരികെ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാരി ബഹളംവച്ച് മറ്റ് ജീവനക്കാരെയും വിദ്യാർത്ഥികളെയും വിളിച്ചുവരുത്തുകയും കുന്ദമംഗലം പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ഇയാൾ മറ്റ് പല സ്ഥാപനങ്ങളിലും ക്ലാസെടുക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.