sajeevan

തിരുവനന്തപുരം: ഇത്തവണ ഇന്ത്യയിൽ എൻ.ഡി.എ അധികാരത്തിൽ വരില്ലെന്നും, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും പ്രവചിച്ച് സി.പി.എം അനുഭാവിയും ജോത്സ്യനുമായ സജീവൻ സ്വാമി. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സജീവൻ സ്വാമി ഈ പ്രവചനം നടത്തുന്നത്. തന്റെ പ്രവചനം തെറ്റുകയാണെങ്കിൽ മേയ് 31ന് മുൻപ് ഗംഗയിൽ ചാടി ജീവത്യാഗം ചെയ്യുമെന്നും സജീവൻ സ്വാമി ശപഥം ചെയ്തു.

എൻ.ഡി.എയെ തളളി യു.പി എയാണ് ഇത്തവണ അധികാരത്തിൽ വരികയെന്ന് പറഞ്ഞ സജീവൻ സഖ്യകക്ഷികളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസ് ആകുമെന്നും പ്രവചിച്ചിട്ടുണ്ട്. യു.പി.എ സഖ്യകക്ഷികളുടെ ഇടയിലുളള തർക്കം അവസാനിപ്പിച്ച് രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നും ഇയാൾ പറയുന്നുണ്ട്. ഇതിന് മുൻപ് രാജീവ് ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രി ആകുമെന്ന് താൻ പറഞ്ഞത് സത്യമായി വന്നുവെന്നും ഇയാൾ അവകാശപ്പെടുന്നു.

അതേസമയം, രാജ്യത്തെ എല്ലാ ന്യൂസ് ചാനലുകളും ഒരേ സ്വരത്തിൽ എൻ.ഡി. എയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകളിലൂടെ അഭിപ്രായപ്പെട്ടിരിക്കുന്നത്. 300 മുതൽ 360 സീറ്റുകൾ വരെ ബി.ജെ.പി. മുന്നണി നേടുമെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ തന്റെ പ്രവചനം ഇവരുടേത് പോലെയല്ലെന്നും അതിൽ നിന്നും വേറിട്ട് നിൽക്കുന്നതാണെന്നും സജീവൻ സ്വാമി പറയുന്നു.