-elephant-damaged

ചെങ്ങന്നൂർ: കാറിടിച്ച് ആനയ്‌ക്കും പാപ്പാനും പരിക്കേറ്റു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. പുലിയൂർ വടേക്കമുക്കിനു സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. പെരിങ്ങിലപ്പുറം ശ്രീഭുവനേശ്വരി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള അപ്പു എന്ന ആനയ്ക്കും പാപ്പാനായ തോന്നയ്‌ക്കാട് ഇലഞ്ഞിമേൽ മംഗലത്തേതിൽ ഗോപിനാഥൻ നായർ (53)നുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഗോപിനാഥനെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ ആന കാറിനു മുകളിലേക്ക് ഇരുന്നുപോവുകയായിരുന്നു. ഇതോടെ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. തിരുവൻവണ്ടൂർ ഗജമേളയിൽ പങ്കെടുത്ത ശേഷം തിരികെ പെരിങ്ങിലിപ്പുറത്തേക്ക് ആനയെ നടത്തിക്കൊണ്ടു പോകുകയായിരുന്നു ഗോപിനാഥനും രണ്ടാം പാപ്പാൻ ഗോകുലും. ചെങ്ങന്നൂർ ഭാഗത്തു നിന്നു വന്ന കാർ നിയന്ത്രണംവിട്ട് ആനയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ആനയുടെ വാലിനും വലതുകാലിനും മുറിവേറ്റു. അപകടത്തെ തുടർന്നു പുലിയൂർ ക്ഷേത്രവളപ്പിൽ തളച്ച ആനയെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ചീഫ് വെറ്റിറിനറി ഓഫിസർ ഡോ.കെ. ഉണ്ണികൃഷ്ണൻ പരിശോധിച്ചു. പിന്നീട് ഇന്നലെ വൈകിട്ട് പെരിങ്ങിലിപ്പുറത്തേക്കു കൊണ്ടുപോയി. മദ്യലഹരിയിലായിരുന്ന കൊല്ലകടവ് സ്വദേശിയായ കാർ ഡ്രൈവർ. ഇയാളെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.