vk-prasanth

തിരുവനന്തപുരം: നഗരത്തിലെ ട്രാഫിക് ക്രമീകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ട്രാഫിക് അഡ്വൈസറി ബോർഡ് യോഗത്തിൽ മേയറും ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണറും പരസ്പരം കൊമ്പുകോർത്തു. പ്രീപെയ്ഡ് ആട്ടോ കൗണ്ടറിന്റെ ഉദ്ഘാടനം മാറ്റിവയ്ക്കണമെന്ന തന്റെ ആവശ്യം നിരസിച്ച ട്രാഫിക് സൗത്ത് അസി. കമ്മിഷണർ ജോർജ് കോശിയോട് ഇതേക്കുറിച്ച് മേയർ ആരാഞ്ഞതാണ് കലഹത്തിന് കാരണമായത്. ഇന്നലെ വൈകിട്ട് 3ന് നഗരസഭയിലെ മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഏപ്രിൽ 15ന് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേനടയിൽ ഉദ്ഘാടനം ചെയ്ത പ്രീപെയ്ഡ് ആട്ടോ കൗണ്ടറിന്റെ ഉദ്ഘാടനം പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ.സിക്ക് മേയർ കത്ത് നൽകിയിരുന്നു. എന്നാൽ അത് കണക്കിലെടുക്കാതെ കമ്മിഷണറെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു. ഇക്കാര്യം തെറ്റായിപ്പോയെന്ന് യോഗത്തിന്റെ തുടക്കത്തിൽ മേയർ വ്യക്തമാക്കിയതോടെയാണ് തർക്കം തുടങ്ങിയത്.'

എനിക്ക് മേലുദ്യോഗസ്ഥർ പറയുന്നത് മാത്രം അനുസരിക്കേണ്ട ബാദ്ധ്യതയാണ് ഉള്ളതെന്നും മറ്റാരും പറയുന്നത് ഞാൻ അനുസരിക്കില്ലെന്നും ' പറഞ്ഞ് എ.സി മേയറോട് കയർത്തു. ഇതോടെ മേയർ വി.കെ. പ്രശാന്തും രോഷാകുലനായി. പൊലീസ് മുറയിലുള്ള സംസാരം തന്നോട് വേണ്ടെന്നും അത് കൈയിൽ വച്ചാൽ മതിയെന്നും മേയർ തിരിച്ചടിച്ചു. അത് സാദ്ധ്യമല്ലെന്ന നിലപാടിലായിരുന്നു എ.സി. പ്രോട്ടോക്കോൾ പ്രകാരം ഡി.ജി.പിക്കും മുകളിലാണ് മേയറുടെ പദവിയെന്ന് ആദ്യം പഠിക്കണമെന്ന് മേയർ എ.സിയോട് പറഞ്ഞു. യോഗത്തിലുണ്ടായിരുന്ന തൊഴിലാളി സംഘടനാ നേതാക്കളിൽ സി.ഐ.ടി.യു പ്രതിനിധി ഒഴികെ എല്ലാവരും മേയറെ പിന്തുണച്ചു.

സി.ഐ.ടി.യു പ്രതിനിധിയായ ജയമോഹനാണ് സ്വന്തം പാർട്ടി പ്രതിനിധിയായ മേയർക്കെതിരെ നിലപാടെടുത്തത്. തൊഴിലാളികൾക്ക് വേണ്ടിയാണ് എ.സി പ്രവർത്തിച്ചതെന്നായിരുന്നു സി.ഐ.ടി.യു നേതാവിന്റെ വാദം. അതേസമയം എ.ഐ.ടി.യു.സി പ്രതിനിധി പട്ടം ശശിധരൻ, ഐ.എൻ.ടി.യു.സി നേതാവ് ചാല പ്രഭാകരൻ, ബി.എം.എസ് നേതാവ് ജ്യോതിഷ് കുമാർ എന്നിവർ മേയർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഒരു മണിക്കൂറോളം നീണ്ടു നിന്ന യോഗത്തിൽ ആദ്യവസാനം ഇക്കാര്യം മാത്രമാണ് സംസാരിച്ചത്. ട്രാഫിക് സ്റ്റേഷന് സാധന സാമഗ്രികൾ വാങ്ങുന്ന അജൻഡ പോലും പാസാക്കാതെ യോഗം പിരിഞ്ഞു.