sreeni

അരൂർ: മദ്യപിച്ച് ബൈക്കോടിച്ച് പൊലീസിനു മുന്നിൽ കുടുങ്ങിയ മകന്റെ ബൈക്ക് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിലെത്തി അതിക്രമം കാട്ടുകയും പൊലീസുകാരെ ചീത്ത വിളിക്കുകയും ചെയ്ത പിതാവ് റിമാൻഡിൽ. കുത്തിയതോട് പഞ്ചായത്ത് ഒമ്പതാം വാർഡ് ചാലാപ്പള്ളി കോളനി പുളിത്താഴ വീട്ടിൽ ശ്രീനിയാണ് (44) കുടുങ്ങിയത്.

ഞായറാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ശ്രീനിയുടെ മകൻ മനുവിനെ (19) മദ്യപിച്ച് വാഹനമോടിച്ചതിന് അരൂർ പൊലീസ് വൈകിട്ട് പിടികൂടിയിരുന്നു. വാഹനത്തിന്റെ രേഖകൾ ഹാജരാക്കാനായില്ല. ഇപ്പോൾ പറയകാട്ടിൽ താമസിക്കുന്ന ശ്രീനി രാത്രി മദ്യ ലഹരിയിൽ സ്റ്റേഷനിലെത്തുകയും വാഹനം വിട്ടുതരണമെന്നാവശ്യപ്പെട്ട് ഒരു പ്രകോപനവുമില്ലാതെ പൊലീസുകാരെ അസഭ്യം പറയുകയുമായിരുന്നുവെന്നുമാണ് കേസ്. ചേർത്തല കോടതിയിൽ ഹാജരാക്കിയ ശ്രീനിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ചതിന് മകനെതിരെയും കേസെടുത്തിട്ടുണ്ട്.