തിരുവനന്തപുരം: റീപോളിംഗ് വിഷയത്തിൽ മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർ ടീക്കാറാം മീണ രംഗത്തെത്തി. ഒരു കള്ളവോട്ട് നടന്നാൽപോലും തെറ്റ് തെറ്റ് തന്നെയെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റീ പോളിംഗ് നടത്താനുള്ള തീരുമാനം തിരഞ്ഞെടുപ്പ് ചട്ടപ്രകാരമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
മോഷണം ഒരു തവണ നടന്നാലും രണ്ട് തവണ നടന്നാലും അത് മോഷണം തന്നെയാണെന്നും മീണ കൂട്ടിച്ചേർത്തു. കേരളത്തിൽ കള്ളവോട്ട് നടക്കുന്നത് പതിവാണെന്നും ഇത്തവണയാണ് പിടിച്ചതെന്നും പൊലീസ് പോസ്റ്റൽ ബാലറ്റ് ക്രമക്കേട് അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും മീണ വ്യക്തമാക്കി.
അതേസമയം, ഏഴ് ബൂത്തുകളിൽ റീപോളിംഗ് നടത്താൻ തീരുമാനിച്ചത് തിരക്കിട്ടെടുത്ത നടപടിയല്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. റീപോളിംഗ് പൊതുവെ പെട്ടെന്നാണ് നടത്താൻ തീരുമാനിക്കുക. ഇതുസംബന്ധിച്ച ചില രാഷ്ട്രീയ നേതാക്കളുടെ വിമർശനത്തിന് അടിസ്ഥാനമില്ല. അവർക്ക് വിമർശിക്കാം. അനുകൂലിക്കാം. അത് അവരുടെ ധർമ്മം. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സമ്മർദ്ദങ്ങളിലല്ല പ്രവർത്തിക്കുന്നതെന്നും മീണ പറഞ്ഞിരുന്നു.