ന്യൂഡൽഹി: മുഴുവൻ വിവി പാറ്റുകളും എണ്ണണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സാങ്കേതിക വിദഗ്ധരുടെ സംഘടന നൽകിയ ഹർജിയാണ് തള്ളിയത്. ഇത്തരം ആവശ്യവുമായി ഹർജിക്കാർ ശല്യം ചെയ്യുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിവിപാറ്റ് എണ്ണുന്നത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച പ്രസ്താവനയിൽ ഇത്തരം ആവശ്യം അംഗീകരിക്കില്ല എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ മുഴുവൻ വിവിപാറ്റുകളും എണ്ണിയാൽ മാത്രമേ കൃത്യമായ രീതിയിൽ തിട്ടപ്പെടുത്താൻ കഴിയുകയുള്ളൂ എന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, സുപ്രീം കോടതിയുടെ അവധിക്കാല ബഞ്ചാണ് ആവശ്യം തള്ളിയിരിക്കുന്നത്. നേരത്തെ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ഓരോ നിയോജക മണ്ഡലത്തിലെയും അഞ്ച് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് ബന്ധപ്പെടുത്തി നോക്കിയാൽ മതിയെന്ന് ഉത്തരവിട്ടിരുന്നു.
ആ ഉത്തരവ് നിലനിൽക്കെ വീണ്ടും ഈ ഉത്തരവ് പരിഗണിക്കാൻ കഴിയില്ല എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. വീണ്ടും ഈ ആവശ്യവുമായി കോടതിയ സമീപിച്ച് ശല്യപ്പെടുത്തുകയാണെന്നും കോടതി വിമർശിച്ചു. രാജ്യത്തെ ജനങ്ങൾ അവരുടെ സർക്കാരിനെ തിരഞ്ഞെടുക്കുകയാണ് ആ നടപടികൾ അനുവദിക്കൂ എന്ന് ഹർജിക്കാരോട് കോടതി പറഞ്ഞു.