തിരുവനന്തപുരം : പരിഭ്രാന്തി ഉയർത്തി അർദ്ധരാത്രി റെയിൽവേ ട്രാക്കിലൂടെ യുവാവും യുവതിയും ബൈക്കിൽ സവാരിചെയ്തു. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തിരുവനന്തപുരം പാറശാലയ്ക്കടുത്ത് ചെന്നൈ ഗുരുവായൂർ എക്സ്പ്രസ് ട്രെയിൻ വരുന്നതിന് തൊട്ടുമുൻപാണ് പെൺകുട്ടിയേയും കൂട്ടി യുവാവ് ട്രാക്കിലൂടെ ബൈക്കിൽ പായുന്നത് കണ്ടെത്തിയത്. ഗേറ്റ് കീപ്പർ സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തിയിടാൻ വയർലസ്സിലൂടെ സ്റ്റേഷനിൽ നിന്നും ലോക്കോ പൈലറ്റിന് നിർദ്ദേശം നൽകുകയായിരുന്നു. ട്രാക്കിലൂടെ ബൈക്കിൽ സഞ്ചരിച്ചത് ആത്മഹത്യ ചെയ്യുവാനാണോ എന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥർക്കുള്ളത്. അതേ സമയം അട്ടിമറി ശ്രമമാണോ എന്നും പരിശോധിക്കുന്നുണ്ട്.
പരിശോധനയ്ക്ക് ശേഷം ഇരുപത് മിനിട്ട് കഴിഞ്ഞാണ് ചെന്നൈ ഗുരുവായൂർ എക്സ്പ്രസിന് യാത്ര തുടരാനായത്. യാത്രയ്ക്കിടെ ട്രാക്കിനരികെ നിന്നും ബൈക്ക് ലോക്കോ പൈലറ്റ് കണ്ടെത്തിയിരുന്നു. ബൈക്കിന്റെ നമ്പർ പൊലീസിന് കൈമാറിയെങ്കിലും അന്വേഷണത്തിൽ ഇത് വ്യാജ നമ്പരാണെന്ന് തെളിഞ്ഞു. ഇതാണ് സംഭവത്തിന് പിന്നിൽ അട്ടിമറി ശ്രമമാണോ എന്ന സംശയം ഉദ്യോഗസ്ഥർക്ക് ഉണ്ടാവാൻ കാരണമായത്. ട്രയിൻ കടന്ന് വരുന്നതിന് തൊട്ട് മുൻപായി ലവൽ ക്രോസിലെ ഗേറ്റ് അടയ്ക്കുന്നതിന് തൊട്ട് മുൻപാണ് ബൈക്ക് പാളത്തിലൂടെ ഓടിച്ച് പോകുന്നത് ഗേറ്റ് കീപ്പർ കണ്ടത്.