പുണെ: ബർഗർ കഴിച്ച യുവാവിന്റെ തൊണ്ട മുറിഞ്ഞെന്ന് പരാതി. മുറിവേറ്റ ഓട്ടോ ഡ്രൈവർ സജിത് പത്താൻ ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് പുണെ എഫ്‌സി റോഡിലെ ബർഗർ കിംഗ് ഔട്ട്‌ലെറ്റിനെതിരെ പരാതി നൽകുകയും ചെയ്തു. ബർഗറിൽ കുപ്പിച്ചില്ലുണ്ടായിരുന്നുവെന്ന് യുവാവ് പരാതിയിൽ പറയുന്നു. സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ബുധനാഴ്ചയാണ് സജിത് പുണെ എഫ്‌സി റോഡിലെ ബർഗർ കിംഗ് ഔട്ട്‌ലെറ്റിലെത്തിയത്.
ബാർഗർ വാങ്ങി കഴിക്കാനാരംഭിച്ചപ്പോൾത്തന്നെ യുവാവിന് തൊണ്ട വേദന അനുഭവപ്പെടുകയും രക്തം തുപ്പുകയും ചെയ്തു. തൊണ്ടയിൽ എന്തോ കുടുങ്ങിയതാണെന്ന് മനസിലായതോടെ ബർഗർ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് അതിൽ നിന്ന് ചില്ലുകഷണങ്ങൾ കണ്ടെത്തിയത്.തുടർന്ന് പെട്ടെന്ന് തന്നെ യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നത്തെ ചികിത്സയ്ക്ക് ഏകദേശം 15000രൂപയും അടുത്ത ദിവസത്തെ വിദഗ്ധ പരശോധനയ്ക്ക് അതിന്‌റെ ഇരട്ടി പണവും ചെലവായെന്ന് യുവാവ് പരാതിയിൽ പറയുന്നു.
ശരീരത്തിനുള്ളിലെത്തിയ ചില്ലിന്‌റെ കഷണങ്ങൾ തനിയെ പുറത്തേക്ക് പോകുമെന്ന് ഡോക്ടർമാർ അറിയിച്ചെന്നും യുവാവ് പരാതിയിൽ വ്യക്തമാക്കി. അതേസമയം യുവാവിന്‌റെ പരാതിയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബർഗർ കിംഗ് ഔട്ട്‌ലെറ്റിലെത്തി സിസിടിവി പരിശോധിച്ചെന്നും അതിൽ നിന്ന് കൂടുതൽ തെളിവുകളൊന്നും ലഭിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. യുവാവിന്‌റെ മെഡിക്കൽ റിപ്പോർട്ടുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ച് കഴിഞ്ഞാൽ സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.