മോഹൻലാൽ എന്ന പേരിന് മലയാളസിനിമയിൽ അർത്ഥങ്ങൾ നിരവധിയാണ്. സൂപ്പർ സ്റ്റാറിൽ നിന്നുള്ള പരിണാമവഴിയിൽ മലയാളത്തിന്റെ മഹാനടന് ദി കംപ്ളീറ്റ് ആക്‌ടർ എന്ന കിരീടം എന്നേ ചാർത്തി നൽകി കഴിഞ്ഞിരിക്കുന്നു ആരാധകർ. ഇന്ത്യൻ സിനിമയിൽ എന്നല്ല ലോകസിനിമയിലെ തന്നെ നടന വിസ്‌മയം എന്നു വിശേഷിപ്പിക്കാം ലാലിനെ. 1978ൽ തിരനോട്ടത്തിൽ തുടങ്ങി 41 വർഷങ്ങൾ പിന്നിട്ട് ലൂസിഫറിലൂടെ മലയാളത്തിന് 200 കോടി എന്ന സ്വപ്‌നനേട്ടം നേടിത്തന്ന മോഹൻലാലിന് ഇന്ന് 59 വയസ്.
മിന്നിമായുന്ന എത്രയോ കഥാപാത്രങ്ങൾക്കാണ് അദ്ദേഹം പൂർണത നൽകിയിരിക്കുന്നത്. ഒരു ഘട്ടത്തിൽ സാധാരണക്കാരന്റെ മനോവിഷമങ്ങൾ ഒരു കാർബൺ കോപ്പി പോലെ ഒപ്പിയെടുത്ത ലാൽ അതേസമയം തന്നെ അധോലോക രാജാവായും, ഫ്യൂഡൽ തെമ്മാടിയായുമെല്ലാം പ്രേക്ഷകനു മുന്നിൽ നിറഞ്ഞാടി. ഇതിനിടയിൽ തേടിയെത്തിയ അസംഖ്യം അംഗീകാരങ്ങളിൽ ഒന്നുപോലും ലാലിനെ അലസനാക്കിയില്ല.
332 ഓളം ചിത്രങ്ങളിൽ ലാൽ ഇതുവരെ അഭിനയിച്ചു കഴിഞ്ഞു. കർണഭാരമെന്ന സംസ്‌കൃതനാടകം വേറെ. പകർന്നാട്ടത്തിന്റെ വഴികളെ പിന്തിരിഞ്ഞു നോക്കിയാൽ മറക്കാൻ കഴിയാത്ത കഥപാത്രങ്ങൾ നിരവധിയാണ്. പുനരവതരിച്ചെങ്കിലെന്ന് ഓരോ മോഹൻലാൽ ആരാധകനും മനസു നിറഞ്ഞ് ആഗ്രഹിച്ചു പോകുന്ന ദശാവതാരങ്ങൾ. അൻപത്തിയൊമ്പതിന്റെ പടികയറുന്ന താരരാജാവിന്റെ അവിസ്‌മരീണയമായ ചില കഥാപാത്രങ്ങളിലേക്ക് ഒരു തിരനോട്ടം.
1. സേതുമാധവൻ (കിരീടം)
ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്‌ത കിരീടം 1988ലാണ് തിയേറ്ററുകളിലെത്തിയത്. മോഹൻലാലിനൊപ്പം തിലകൻ, പാർവതി, കവിയൂർ പൊന്നമ്മ, മോഹൻരാജ് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. പൊലീസ് കോൺസ്റ്റബിളായ അച്യുതൻ നായരുടെ (തിലകൻ) മകനായ സേതുമാധവൻ (മോഹൻലാൽ) എന്ന യുവാവിന്റെ കഥയാണ് കിരീടം. തന്റെ അച്ഛന്റെ ആഗ്രഹം പോലെ ഒരു പൊലീസ് ഇൻസ്‌പെക്ടറാകണം എന്നതാണ് സേതുമാധവന്റെയും ആഗ്രഹം. എന്നാൽ വിധി മറ്റൊന്നായിരുന്നു. ഒരിക്കൽ മാർക്കറ്റിൽ നടന്ന അടിപിടി തടയാൻ ശ്രമിക്കുന്ന അച്ഛനെ രക്ഷിക്കാനായി സേതുമാധവന് ഇടപേടേണ്ടിവരുന്നു. നാട്ടിലെ ഏറ്റവും ക്രൂരനായ ഗുണ്ടയെയാണ് അയാൾക്ക് നേരിടേണ്ടി വരുന്നത്. തുടർന്ന് സേതുവിന്റെ ജീവിതത്തിൽ സംഭവിക്കുന്ന താളപ്പിഴകളാണ് കിരീടം. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്ളൈമാക്‌സുകളിലൊന്നായാണ് കിരീടം വിലയിരുത്തപ്പെടുന്നത്.
2. ജയകൃഷ്‌ണൻ (തൂവാനത്തുമ്പികൾ)
എക്കാലത്തെയും മികച്ച ഇന്ത്യൻ സിനിമകളിൽ മുൻപന്തിയിലാണ് പത്മരാജന്റെ തൂവാനത്തുമ്പികൾ. മികച്ച ഗാനങ്ങളും, സംഭാഷങ്ങളും കൊണ്ട് സമ്പുഷ്‌ടമായതായിരുന്നു തൂവാനത്തുമ്പികളുടെ തിരക്കഥ. പത്മരാജന്റെ തന്നെ ഉദകപ്പോള എന്ന നോവലിനെ ആസ്‌പദമാക്കിയായിരുന്നു തൂവാനത്തുമ്പികൾ ഒരുക്കിയത്. സംവിധായകന്റെ തന്നെ സുഹൃത്തായ കാരിക്കകത്ത് ഉണ്ണി മേനോൻ എന്ന സുഹൃത്തിന്റെ ജീവിതമാണ് ജയകൃഷ്ണനായി വെള്ളിത്തിരയിലെത്തിയത്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു മണ്ണാറത്തൊടി ജയകൃഷ്ണൻ. ലാലിന്റെ അനായാസമായ അഭിനയ ശൈലി ജയകൃഷ്ണനെ മലയാളികളുടെ മനസിൽ ചിരപത്രിഷ്ഠ നേടാൻ സഹായിച്ചു.
3. ആടുതോമ (സ്ഫടികം)
1995ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ചിത്രത്തിൽ ആടുതോമയായി അവിസ്‌മരണീയമായ പ്രകടനമാണ് മോഹൻലാൽ കാഴ്‌ചവച്ചത്. തിലകൻ, കെ.പി.എ.സി ലളിത, ഉർവശി,നെടുമുടി വേണു, ജോർജ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ.
4. മംഗലശ്ശേരി നീലകണ്‌ഠൻ (ദേവാസുരം)
കോഴിക്കോട് സ്വദേശിയായ മുല്ലശ്ശേരി രാജുവിന്റെയും പത്നി ലക്ഷ്മി രാജഗോപാലിന്റെയും പ്രണയത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ദേവാസുരം. എന്നാൽ അതിലേക്ക് കച്ചവടസിനിമയ്ക്കാവശ്യമായ ചേരുവകൾ കൂടി ചേർത്തപ്പോൾ സിനിമ ചരിത്രവിജയമായി. രഞ്ജിത്തിന്റെ തിരക്കഥയ്‌ക്ക് ഐ.വി ശശിയാണ് സംവിധാനം നിർവഹിച്ചത്. 90കളിലെ ഏറ്റവും പണംവാരി ചിത്രങ്ങളിലൊന്നായിരുന്ന ദേവാസുരം 150 ദിവസമാണ് തിയേറ്ററുകളിൽ ചിത്രം നിറഞ്ഞോടിയത്. മോഹൻലാലിനൊപ്പം രേവതി, നെപ്പോളിയൻ, നെടുമുടി വേണു, ഇന്നസെന്റ് എന്നിവർ പ്രധാനകഥാപാത്രങ്ങളായി.
5. കുഞ്ഞിക്കുട്ടൻ (വാനപ്രസ്ഥം)
കഥകളി കലാകാരനായുള്ള മോഹൻലാലിന്റെ അതുല്യ പ്രകടനം. ഷാജി എൻ കരുണിന്റെ സംവിധാനത്തിൽ 1999ലാണ് ചിത്രം പുറത്തിറങ്ങിയത്. മോഹൻലാൽ, സുഹാസിനി തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിക്കുന്നത് സക്കീർ ഹുസൈനാണ്. 1999ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം നിരവധി ദേശീയ അന്തർദേശീയ പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തു. ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള ദേശീയ സംസ്ഥാന പുരസ്‌ക്കാരങ്ങൾ നേടിയ ചിത്രം മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച വേഷമായി വിലയിരുത്തപ്പെടുന്നു.
6. ജഗന്നാഥൻ ( ആറാംതമ്പുരാൻ)
250 ദിവസമാണ് ആറാം തമ്പുരാൻ തിയേറ്ററുകളെ ആവേശപ്പൂരത്തിലാഴ്‌ത്തിയത്. കണിമംഗലം ജഗന്നാഥനായി ലാൽ നിറഞ്ഞാടുകയായിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ആറം തമ്പുരാൻ 1997ലാണ് റിലീസ് ചെയ്‌തത്. രവീന്ദ്രന്റെ സംഗീതവും യേശുദാസിന്റെ ആലാപനവുമാണ് ചിത്രത്തിലെ എടുത്തു പറയേണ്ട മറ്റൊരു ഘടകം. മലയാളത്തിലെ എക്കാലത്തെയും ബ്ളോക്ക് ബസ്‌റ്ററായ ആറാം തമ്പുരാനിൽ ലാലിനൊപ്പം മഞ്ജു വാര്യർ, നരേന്ദ്ര പ്രസാദ്, ഒടുവിൽ ഉണ്ണികൃഷ്‌ണൻ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തി.
7. വിൻസെന്റ് ഗോമസ് (രാജാവിന്റെ മകൻ)
മോഹൻലാൽ എന്ന നടനെ സൂപ്പർ സ്‌റ്റാർ പദവിയിലേക്കുയർത്തിയ ചിത്രമാണ് രാജാവിന്റെ മകൻ. ചിത്രത്തിലെ വിജയത്തിനു ശേഷം മോഹൻലാലിന് പിന്തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല എന്നു തന്നെ പറയാം. തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ചിത്രത്തിൽ അധോലോക രാജാവായ വിൻസെന്റ് ഗോമസായാണ് ലാൽ എത്തിയത്. അംബികയായിരുന്നു നായിക.
8. കല്ലൂർ ഗോപിനാഥൻ (ഭരതം)
ലോഹിതദാസിന്റെ തിരക്കഥയിൽ 1991ലാണ് ഭരതം പുറത്തിറങ്ങിയത്. ഈ സിബി മലയിൽ ചിത്രത്തിലൂടെയാണ് മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്‌കാരം മോഹൻലാലിനെ തേടിയെത്തിയത്. കല്ലൂർ ഗോപിനാഥനായി അവാച്യമായ പ്രകടനമായിരുന്നു ലാലിന്റെത്. നെടുമുടി വേണു, ഉർവശി, ലക്ഷ്മി, മുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രവീന്ദ്രൻ മാസ്റ്റർ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ഏറെ ഹൃദ്യമാണ്.
9. ശിവൻകുട്ടി (ഭ്രമരം)
ബ്ളെസി സംവിധാനം ചെയ്ത് 2009 ജൂൺ 25ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഭ്രമരം. ചിത്രത്തിലെ കഥയും തിരക്കഥയും ബ്ളെസിയുടേത് തന്നെയായിരുന്നു. ചെയ്യാത്ത തെറ്റിന്റെ പേരിൽ ഭാര്യയും മകളും ഉപേക്ഷിച്ച ശിവൻ കുട്ടി, തന്റെ നിരപരാധിത്വം തെളിയിക്കാനായി രണ്ട് ബാല്യകാല സുഹൃത്തുക്കളെ പുളിച്ചോല എന്ന സ്ഥലത്തേക്ക് കൊണ്ടു പോകുന്നു. ആ യാത്രയും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
മുരളി ഗോപി, ഭൂമിക ചൗള, സുരേഷ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത എന്നിവരാണ് പ്രധാനതാരങ്ങൾ.
10. നന്ദഗോപൻ (കമലദളം)
മലയാളസിനിമയിലെ ഏറ്റവും മികച്ച ക്ളാസിക്കുകളിലൊന്നാണ് കമലദളം. നന്ദഗോപനെന്ന നൃത്താദ്ധ്യാപകനെ പകരം വയ്‌ക്കാൻ കഴിയാത്ത തരത്തിൽ മോഹൻലാൽ മനോഹരമാക്കുകയായിരുന്നു. മികച്ച ഗാനങ്ങളും അതിനനുസൃതമായ നൃത്തവും ചിത്രത്തിന് പ്രക്ഷകന്റെ മനസിൽ ചിരപ്രതിഷഠ നൽകി. 1992ൽ തിയേറ്ററുകളിലെത്തിയ ചിത്രത്തിൽ പാർവതി, മോനിഷ, മുരളി, നെടുമുടി വേണു, വിനീത് എന്നിവർ മറ്റു പ്രധാനവേഷങ്ങളിലെത്തി.