ന്യൂഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്റർ വഴിയാണ് നരേന്ദ്ര മോദി രാജീവ് ഗാന്ധിക്ക് തന്റെ പ്രണാമം അർപ്പിച്ചത്. 'മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമ വാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു' എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. തന്റെ അച്ഛന്റെ ചരമവാർഷികത്തിൽ രാഹുൽ ഗാന്ധിയും രാജീവ് ഗാന്ധിയുടെ ഓർമ്മകൾ ട്വീറ്റ് ചെയ്തു.
'എന്റെ അച്ഛൻ സൗമ്യനായിരുന്നു, സ്നേഹമുളളയാളായിരുന്നു. കരുണാവാനും വാത്സല്യനിധിയുമായിരുന്നു അദ്ദേഹം. എല്ലാ ചരാചരങ്ങളെയും സ്നേഹിക്കാനും ബഹുമാനിക്കുവാനുമാണ് അദ്ദേഹം എന്നെ പഠിപ്പിച്ചത്. ഒരിക്കലും ഒന്നിനേയും വെറുക്കരുതെന്നും ക്ഷമാശീലം ഉളളവനാകണമെന്നും അദ്ദേഹം പഠിപ്പിച്ചു. ഞാൻ അദ്ദേഹത്തിന്റെ അഭാവത്തിൽ ദുഖിതനാണ്. അദ്ദേഹത്തിന്റെ ചരമവാർഷികത്തിൽ ഞാൻ എന്റെ പിതാവിനെ സ്നേഹത്തോടെയും കടപ്പാടോടു കൂടിയും ഓർമ്മിക്കുന്നു.' രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
രാഹുൽ ഗാന്ധി, രാജീവ് ഗാന്ധിയുടെ ഭാര്യയും യു.പി.എ അധ്യക്ഷയുമായ സോണിയ ഗാന്ധി, മകളും പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, രാഷ്ട്രപതി പ്രണബ് മുഖർജി എന്നിവർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ന്യൂ ഡൽഹിയിലെ വീർ ഭൂമിയിലെ സ്മാരകത്തിൽ ഇന്ന് രാവിലെയോടെ എത്തിച്ചേർന്നിരുന്നു.
മുൻപ്, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ രാജീവ് ഗാന്ധിയെ അപമാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസിന്റെ ഭാഗത്ത് നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും ഏറെ വിമർശനങ്ങൾ കേൾക്കേണ്ടതായി വന്നിരുന്നു. ബോഫോഴ്സ് ഇടപാടിൽ രാജീവ് ഗാന്ധി കുറ്റക്കാരനാണെന്നും, അഴിമതിക്കാരനായാണ് അദ്ദേഹം മരിച്ചതെന്നുമാണ് മോദി പറഞ്ഞിരുന്നത്.