കോഴിക്കോട്: അദാനി നൽകിയ കമ്മീഷൻ കൊണ്ടാണോ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര നടത്തിയതെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ചോദിച്ചു. മുഖ്യമന്ത്രി ലണ്ടനിൽ പോയത് ഖജനാവിലെ പണം ഉപയോഗിച്ചാണെങ്കിൽ കുടുംബാംഗങ്ങളെ കൂട്ടിയത് തെറ്റാണെന്നും പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോഴുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്ര പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചീത്ത കാര്യങ്ങൾക്ക് പുരസ്‌കാരം ഏർപ്പെടുത്തിയാൽ പിണറായിക്കോ പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ നൽകേണ്ടതെന്ന കാര്യത്തിൽ ജഡ്‌ജിംഗ് കമ്മിറ്റിക്ക് സംശയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മോദിയും പിണറായിയും ഒരേ സ്വഭാവക്കാരാണെന്നും, മോദിക്ക് കേരളത്തിൽ ഏറ്റവും പ്രിയം പിണറായിയെ ആണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവിനോട് പോലും മാന്യമായി സംസാരിക്കാൻ പിണറായിക്കാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.