theft

കണ്ണൂർ : ചിറ്റാരിപ്പറമ്പിൽ ഇരട്ടക്കുളങ്ങരയിൽ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ് രണ്ടാം നാൾ വീട്ടിൽ കള്ളൻ കയറി. ഇരട്ട ക്കുളങ്ങരയിൽ പുതിയപുരയിൽ പി.പി.സുനീഷിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് കള്ളൻ കയറിയത്. അടുക്കളവാതിലിന്റെ പൂട്ട് പൊളിച്ച് കടന്ന കള്ളൻ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ബെർത്ത് ഡേ കേക്കും പലഹാരങ്ങളുമാണ് ആദ്യം അകത്താക്കിയത്. പിന്നാലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 22,000 രൂപയും രണ്ട് പവന്റെ സ്വർണവളയും കമ്മലുകളും മോഷ്ടിച്ചു കടക്കുകയായിരുന്നു. വീട്ടിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ആഹാര വസ്തുകൾ വീടിന് പിന്നിലെ കിണറ്റിൻകരയിൽ ഇരുന്നാണ് കഴിച്ചതെന്ന് കരുതുന്നത്. ഇവിടെ നിന്നും ഭക്ഷണാവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. കണ്ണവം പോലീസും ഡോഗ് സ്‌ക്വാഡും വീട്ടിൽ വിശദമായ പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.