kc-venugopal

ബംഗലൂരു: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കോമാളിയെന്ന് കർണാടക കോൺഗ്രസ് നേതാവ് റോഷൻ ബെയ്ഗ് പറ‌ഞ്ഞു.ഒരു ദേശീയ മാദ്ധ്യമത്തോണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം പുറത്തുവന്ന എൻ.ഡി.എ അനുകൂല എക്‌സിറ്റ് പോൾ ഫലത്തിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി റോഷൻ രംഗത്തെത്തിയത്. കെ.സി വേണുഗോപാലിനെതിരെയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെയും, പാർട്ടി വക്താവ് ഗുണ്ടു റാവുവിനെതിരുമായിരുന്നു റോഷൻ ബെയ്ഗ് രംഗത്തെത്തിയത്.

"കെ.സി. വേണുഗോപാൽ ഒരു കോമാളിയാണ്. എന്റെ നേതാവായ രാഹുൽ ഗാന്ധി ജിയുടെ കാര്യമോർക്കുമ്പോൾ വിഷമമുണ്ട്. വേണുഗോപാലിനൊപ്പം ധിക്കാരിയും അഹങ്കാരിയുമായ സിദ്ധരാമയ്യയും ഗുണ്ടു റാവുവിന്റെ തരംതാണകളികളും ചേരുമ്പോൾ തിരഞ്ഞെടുപ്പ് ഫലം ഇത് തന്നെയായിരിക്കും”-റോഷൻ പറഞ്ഞു.

കർണാടകത്തിൽ 21 മുതൽ25 വരെ സീറ്റുകൾ എൻ.ഡി.എ സഖ്യം നേടുമെന്നായിരുന്നു ഇന്ത്യ ടുഡെ-ആക്‌സിസ് എക്‌സിറ്റ് പോൾ. യു.പി.എ മൂന്ന് മുതൽ ആറ് വരെ സീറ്റുകളിൽ വിജയിക്കുമെന്നും മറ്റുള്ളവർ ഒരു സീറ്റ് വീതം നേടുമെന്നും സർവെ പ്രവചിച്ചിരുന്നു. ആകെ 28 ലോകസഭാ സീറ്റുകളാണ് കർണാടകത്തിലുള്ളത്.

മദ്ധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി ഗവർണർക്ക് കത്തയച്ചിരുന്നു. ഇതോടെ കർണാടകയിൽ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യം പിടിമുറുക്കാൻ തുടങ്ങി. സഖ്യ ധാരണകൾക്കു വിരുദ്ധമായി പ്രസ്‍താവനകളും നീക്കങ്ങളും നടത്തരുതെന്നു കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കൾക്കു ശക്തമായ നിർദേശം നൽകി. കേന്ദ്രത്തിലും സംസ്ഥാനത്തും കോൺഗ്രസിനൊപ്പം ഉറച്ചു നിൽക്കുമെന്നു ജെ.ഡി.എസ് ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി ദേവഗൗഡയും വ്യക്തമാക്കിയിരുന്നു.