gadkari

നാഗ്പൂർ: എക്‌സിറ്റ് പോളിന് തൊട്ടുപിന്നാലെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ആർ.എസ്.എസ് നേതാവ് ഭയ്യാജി ജോഷിയുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ അഭ്യൂഹങ്ങൾക്ക് കാരണമായി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 543 സീറ്റിൽ എൻ.ഡി.എ 300ൽ കൂടുതൽ സീറ്റുകൾ നേടുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോൾ സർവേകളും പ്രവചിക്കുന്നത്. ഇതിന് പിന്നാലെ ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയിൽ, അടുത്ത ഗവൺമെന്റിൽ തന്റെ സ്ഥാനത്തെപ്പറ്റി നിതിൻ ഗഡ്കരി ചർച്ച നടത്തിയെന്നും പ്രധാനപ്പെട്ട സ്ഥാനം അദ്ദേഹം ഉറപ്പിച്ചെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.ബി.ജെ.പി നേതാവ് കൈലാഷ് വിജയ്‌ വർഗിയയും രണ്ട് മണിക്കൂർ നീണ്ട് നിന്ന് കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.

എക്‌സിറ്റ്‌ പോളുകൾ അന്തിമ തീരുമാനമല്ല, എന്നാൽ സൂചനകളാണെന്നും ഗഡ്‌കരി വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആർ.എസ്.എസ് നോമിനിയായി തന്നെ പരിഗണിക്കുന്നുണ്ടെന്ന വാർത്തകളെയും അദ്ദേഹം തള്ളി. 20മുതൽ 50 തവണ വരെ ഈ ചോദ്യത്തിന് താൻ മറുപടി തന്നിട്ടുണ്ടാകുമെന്നും, തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് പോരാടിയതെന്നും അതുകൊണ്ട് തന്നെ അദ്ദേഹം തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഗഡ്കരി വ്യക്തമാക്കി

കഴിഞ്ഞ അഞ്ച് വർഷം നമ്മൾ ചെയ്ത പ്രവൃത്തികൾക്ക് ജനങ്ങൾ ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വീണ്ടും പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ മറ്റ് കക്ഷികളുടെ പിന്തുണയോടെ ഗഡ്‌കരിയെ പ്രധാനമന്ത്രിയാക്കി എൻ.ഡി.എ സർക്കാർ രൂപീകരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഇടയ്‌ക്ക് കേന്ദ്രസർക്കാരിനെതിരെയും മോദിക്കെതിരെയും ഒളിയമ്പുകൾ എറിഞ്ഞ ഗഡ്‌കരി ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ സജീവമാക്കി. എന്നാൽ ആർ.എസ്.എസ് നേതൃത്വവുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ഗഡ്‌കരി മന്ത്രിസഭയിലെ ഉന്നത സ്ഥാനത്തേക്ക് എത്തുമെന്നാണ് ഇപ്പോൾ പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.