suicide

കോട്ടയം : പൊലീസ് കസ്റ്റഡിയിലെടുത്തയാളെ സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണർകാട് സ്വദേശി നവാസിനെയാണ് ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ശുചിമുറിയിലെ ജനാലയിലാണ് തൂങ്ങിയ നിലയിൽ നവാസിനെ കണ്ടെത്തിയത്. രാവിലെ ഒൻപത് മണിയോടെയാണ് സ്‌റ്റേഷനിലെ തൂങ്ങിമരണം പുറത്തറിയുന്നത്. കോടതിയിലേക്ക് നവാസിനെ ഹാജരാക്കുന്നതിനായി കൊണ്ട് പോകുന്നതിന് തൊട്ടു മുൻപാണ് ആത്മഹത്യ. ശുചിമുറിയിലേക്ക് പോകണമെന്ന് നവാസ് ആവശ്യപ്പെടുകയായിരുന്നുവെന്നും, അരമണിക്കൂർ കഴിഞ്ഞിട്ടും നവാസ് തിരികെ വരാഞ്ഞതിനാൽ വാതിൽ തള്ളിത്തുറക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇന്നലെ രാത്രിയാണ് നവാസി പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചെത്തി വീട്ടുകാരെ മർദ്ദിച്ചുവെന്ന പരാതിയെതുടർന്നാണ് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെങ്കിലും സ്റ്റേഷനിൽ മരണം നടന്നത് പൊലീസ് ഒളിപ്പിച്ചു വച്ചു എന്ന ആരോപണം ഉയരുന്നുണ്ട്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത് വന്നു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്‌റ്റേഷനിലെത്തിയിട്ടുണ്ട്. സ്റ്റേഷനിലെ സി.സി.സി.ടി.വി സംവിധാനം പരിശോധിച്ച് പൊലീസിന് വീഴ്ചയുണ്ടായോ എന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും