കോട്ടയം : മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് കസ്‌റ്റഡിയിലെടുത്തയാളെ പൊലീസ് സ്‌റ്റേഷനിലെ ബാത്ത്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് പൊലീസ് കസ്‌റ്റഡിയിലെടുത്ത മണർകാട് സ്വദേശി നവാസിനെയാണ് ബാത്ത്‌റൂമിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഒൻപത് മണിയോടെയാണ് സ്‌റ്റേഷനിലെ തൂങ്ങിമരണം പുറത്തറിയുന്നത്. കോടതിയിലേക്ക് നവാസിനെ ഹാജരാക്കുന്നതിനായി കൊണ്ട് പോകുന്നതിന് തൊട്ടു മുൻപാണ് ആത്മഹത്യ.
കോടതിയിൽ പോകുന്നതിന് മുമ്പ് ബാത്ത്‌റൂം ഉപയോഗിക്കണമെന്ന് നവാസ് ആവശ്യപ്പെട്ടു. അരമണിക്കൂർ കഴിഞ്ഞിട്ടും നവാസ് തിരികെ വരാഞ്ഞതിനാൽ വാതിൽ തള്ളിത്തുറക്കുമ്പോൾ തൂങ്ങിയ നിലയിൽ കണ്ടെത്തി എന്നുമാണ് പൊലീസ് ഭാഷ്യം. കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്നലെ രാത്രിയാണ് നവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചെത്തി വീട്ടുകാരെ മർദ്ദിച്ചുവെന്ന പരാതിയെതുടർന്നാണ് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെങ്കിലും സ്റ്റേഷനിൽ മരണം നടന്നത് പൊലീസ് ഒളിപ്പിച്ചു വച്ചു എന്ന ആരോപണം ഉയരുന്നുണ്ട്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത് വന്നു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്‌റ്റേഷനിലെത്തിയിട്ടുണ്ട്. സ്റ്റേഷനിലെ സി.സി.ടി.വി സംവിധാനം പരിശോധിച്ച് പൊലീസിന് വീഴ്ചയുണ്ടായോ എന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കും.
അതേസമയം, സംഭവത്തിൽ കുറ്റക്കാരായ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എറണാകുളം റേഞ്ച് ഐ.ജിക്കും കോട്ടയം ജില്ലാ പൊലീസ് മേധാവിയ്ക്കും നിർദ്ദേശം നൽകി. ദേശീയ മനുഷ്യാവകാശ കമ്മിഷനും സുപ്രീംകോടതിയും പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് മജിസ്‌ട്രേറ്റുതല അന്വേഷണം നടത്തും. കസ്റ്റഡി മരണങ്ങൾ ഒരിക്കലും സംഭവിക്കാൻ പാടില്ലെന്നതാണ് പൊലീസിന്റെ നയം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.