തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ താമര വിരിഞ്ഞാലും ഇല്ലെങ്കിലും സംസ്ഥാന അദ്ധ്യക്ഷന്റെ കസേര സ്വന്തമാക്കാൻ ഉറച്ച് ഗ്രൂപ്പ് ഭേദമന്യേ നേതാക്കൾ. ശ്രീധരൻ പിള്ളയെ മാറ്റണമെന്ന ആവശ്യവുമായി തിരഞ്ഞെടുപ്പിന് മുൻപേ കേന്ദ്ര നേതൃത്വത്തെ സമീപിച്ചെങ്കിലും തിരഞ്ഞെടുപ്പ് കഴിയട്ടെ എന്ന സന്ദേശമാണ് അവിടെ നിന്നും കേരളത്തിലെ നേതാക്കൾക്ക് ലഭിച്ചത്. ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷനായ കുമ്മനം രാജശേഖരനെ മിസോറാമിൽ ഗവർണറാക്കിയ ഒഴിവിലാണ് ശ്രീധരൻ പിള്ളയെ താത്കാലിക അദ്ധ്യക്ഷനാക്കി നിയമിച്ചിരുന്നത്. പാർട്ടിയിൽ ഉടലെടുത്ത തർക്കങ്ങൾ നിമിത്തമാണ് അന്ന് അദ്ധ്യക്ഷനെ കണ്ടെത്താൻ കേന്ദ്ര നേതൃത്വത്തിന് കഴിയാതിരുന്നത്. കെ.സുരേന്ദ്രനെ സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് കൊണ്ട് വരണമെന്ന മുരളീധരൻ വിഭാഗത്തിന്റെ ആവശ്യത്തോടെ എതിർ ചേരിയിലെ മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു എന്നാൽ എം.ടി.രമേശിനെ അദ്ധ്യക്ഷനാക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നത്. ആർ.എസ്.എസിന്റെ പിന്തുണയും എം.ടി.രമേശിനുണ്ടായിരുന്നു. തർക്കങ്ങളുമായി ഇരു വിഭാഗവും എത്തിയതോടെയാണ് ഒത്തുതീർപ്പ് വ്യവസ്ഥയിൽ ശ്രീധരൻ പിള്ളയെ സംസ്ഥാന അദ്ധ്യക്ഷപദവിയിലേക്ക് താത്കാലികമായി നിയമിക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.
ശ്രീധരൻ പിളള അദ്ധ്യക്ഷ പദവി ഏറ്റെടുത്തത് മുതൽ പ്രവർത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാണിച്ച് എതിർ വിഭാഗവും രംഗത്തുണ്ടായിരുന്നു. പാർട്ടി പ്രവർത്തകരുമായി സംസാരിക്കവേ ശബരിമല വിഷയം പാർട്ടിക്ക് സുവർണാവസരമാണെന്ന ശ്രീധരൻപിള്ളയുടെ പ്രസംഗം ഏറെ വിവാദമായിരുന്നു. എന്നാൽ പാർട്ടി മീറ്റിംഗിലെ വാക്കുകൾ പുറം ലോകത്തെത്തിച്ചതിൽ എതിർ വിഭാഗത്തിന്റെ കരങ്ങളുണ്ടെന്നും ആരോപണമുണ്ടായിരുന്നു. ശബരിമല സമരത്തിൽ കെ.സുരേന്ദ്രന് ദീർഘകാലം ജയിലിൽ കിടക്കേണ്ടി വന്നതും അദ്ധ്യക്ഷന്റെ പിടിപ്പ് കേട് കാരണമാണെന്ന് ആരോപണം പാർട്ടിയിൽ ഉയർന്നിരുന്നു. ജയിലിൽ സുരേന്ദ്രനെ തളയ്ക്കുന്നതിനായി ഒന്നിന് പിറകേ ഒന്നായി പഴയ കേസുകൾ സർക്കാർ പൊടിതട്ടി എടുത്തപ്പോഴും അതിനെതിരെ ശക്തമായ പ്രക്ഷോഭം തീർക്കാൻ ബി.ജെ.പി ശ്രമിച്ചിരുന്നില്ല. ഇതിന് പകരമെന്നോണം ശബരിമലയിലെ സർക്കാർ നടപടികൾക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹര സമരം ബി.ജെ.പി ആരംഭിച്ചപ്പോഴും നിസഹരണവുമായി പാർട്ടിയിലെ ഒരു വിഭാഗം എത്തിയിരുന്നു.
തിരഞ്ഞെടുപ്പ് സീറ്റിനെ കുറിച്ചും പാർട്ടിക്കുള്ളിൽ തർക്കമുയർന്നിരുന്നു. മുതിർന്ന നേതാക്കൾക്കടക്കം ഇഷ്ടമുള്ളിടത്ത് മത്സരിക്കാനാവാത്ത സാഹചര്യം നിലനിന്നിരുന്നെന്നും. സംസ്ഥാന അദ്ധ്യക്ഷൻ കൂടിയാലോചനകൾ നടത്താതെ സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുത്തുവെന്നും ആരോപണമുണ്ടായിരുന്നു. കെ.സുരേന്ദ്രന് ജയ സാദ്ധ്യതയുള്ള മണ്ഡലം അനുവദിക്കാതിരിക്കുവാൻ ഒരു വിഭാഗം ആവും വിധം ശ്രമിച്ചെന്നും പരാതി ഉയർന്നിരുന്നു. ഒടുവിൽ കേന്ദ്ര നേതൃത്വം ഇടപെട്ടാണ് ശബരിമല സമരനായകന് പത്തനംതിട്ടതന്നെ അനുവദിക്കാൻ തീരുമാനിച്ചത്.
പാർട്ടിയിൽ ഇപ്പോൾ തനിക്കെതിരെയുള്ള പടയൊരുക്കമെല്ലാം തിരഞ്ഞെടുപ്പ് ഫലത്തിലൂടെ അതിജീവിക്കാനാവും എന്ന വിശ്വാസത്തിലാണ് ശ്രീധരൻ പിള്ള ഇപ്പോൾ. കേരളത്തിൽ ഒരു മണ്ഡലത്തിലെങ്കിലും താമര വിരിഞ്ഞാൽ അത് തന്റെ പ്രവർത്തനത്തിന്റെ ഫലമാണെന്ന് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കുവാൻ ശ്രീധരൻ പിള്ളയ്ക്കാവുമെന്നതാണ് കാരണം.
അതേ സമയം തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ കൊച്ചിയിൽ ചേർന്ന നേതൃയോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത ആരോപണമാണ് ഉയർന്നത്. സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്നും ലഭിച്ച തിരഞ്ഞെടുപ്പ് ഫണ്ട് ജയസാദ്ധ്യത കൽപ്പിച്ച മണ്ഡലങ്ങളിൽ മാത്രം ചെലവഴിച്ചുവെന്ന് പരാതി ഉയർന്നിരുന്നു. ദേശീയ പാത വികസനവിഷയത്തിലും കേരളത്തെ മുൻഗണനാ പട്ടികയിൽ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന അദ്ധ്യക്ഷൻ കേന്ദ്ര സർക്കാരിന് കത്തുനൽകിയ സംഭവവും എതിർ വിഭാഗം ആയുധമാക്കുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ താമര വിരിഞ്ഞാലും ഇല്ലെങ്കിലും സംസ്ഥാന അദ്ധ്യക്ഷന്റെ കസേര ആടുമെന്ന് ഉറപ്പാണ്.