ashok-lavasa

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതികളിൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ യോഗം തള്ളി. വിയോജന കുറിപ്പ് പരസ്യപ്പെടുത്തില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുത്തു. വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നായിരുന്നു ലവാസയുടെ നിലപാട്.

എന്നാൽ,​ ഈ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളുകയായിരുന്നു. മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് തീരുമാനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയുടെ തീരുമാനത്തെ തിരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്ര പിന്തുണച്ചു.

ക്ലീൻ ചിറ്റ് നൽകിയതിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന നിലപാടിലുറച്ച് അശോക് ലവാസ രംഗത്തുവന്നിരുന്നു. ക്ലീൻ ചിറ്റിലെ വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. സുപ്രീംകോടതി ഇടപെടലുണ്ടാകുന്നത് വരെ തിരഞ്ഞെടുപ്പ് കമ്മിഷൻ ചട്ടലംഘനങ്ങളിൽ നടപടിയെടുത്തില്ലെന്നും ലവാസ ആരോപിച്ചിരുന്നു.