കോഴിക്കോട്: രക്തസമ്മർദ്ദത്തെ തുടക്കത്തിൽ പലരും അവഗണിക്കുകയാണ് ചെയ്യുന്നത്. അവഗണിക്കുന്നവർ ഇതിന്റെ ഭീകരാവസ്ഥയാണ് പിന്നീട് നേരിടേണ്ടി വരുന്നത്. സാധാരണ നിലയിൽ രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ പലതും പ്രകടമാകുന്നില്ല അല്ലെങ്കിൽ രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ പുറത്ത് കാണപ്പെടുന്നില്ല. ഹൃദയാഘാതമോ പക്ഷാഘാതമോ വന്ന് രോഗി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മാത്രമാണ് പലരും രക്തസമ്മർദ്ദം തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ ഇതിനെ നിശ്ശബ്ദനായ കൊലയാളി എന്നും വിശേഷിപ്പിക്കപ്പെടുന്നു.രക്തസമ്മർദ്ദം വല്ലാതെ കൂടി അപകടാവസ്ഥയിലെത്തുമ്പോൾ മാത്രമാണ് ഇത് രക്തസമ്മർദ്ദമാണെന്ന് തിരിച്ചറിയുന്നത്. അപ്പോഴേക്കും ചികിത്സ ഫലിക്കാത്ത അവസ്ഥയിലേക്കെത്തും. ഈ അസുഖത്തെ അവഗണിക്കുകയാണെങ്കിൽ ഇത് ഹൃദയാഘാതം, കാഴ്ച നഷ്ടപ്പെടൽ, പക്ഷാഘാതം, കിഡ്നി രോഗങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു.
രക്തസമ്മർദ്ദത്തിനു പ്രധാന കാരണം ഹൃദയം ചുരുങ്ങി രക്തത്തെ മഹാധമനിയിലേക്ക് ശക്തമായി പമ്പു ചെയ്യുന്നതാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി കോടാനുകോടി സൂക്ഷ്മരക്തലോമികളാണുള്ളത്. ആർട്ടീരിയോൾ എന്നറിയപ്പെടുന്ന ഈ രക്തക്കുഴലുകൾ സങ്കോചിച്ചിരുന്നാൽ മാത്രമേ രക്തക്കുഴലുകളിൽ ആവശ്യത്തിനു രക്തസമ്മർദ്ദം ഉണ്ടാവുകയുള്ളൂ. സാധാരണഗതിയിൽ ശരീരത്തിലെ കുറെ ആർട്ടീരിയോളുകളും അടഞ്ഞ നിലയിൽ തന്നെയാണുണ്ടാവുക. വികസിച്ചവയും ഉണ്ടാവും. കൂടുതൽ ആർട്ടീരിയോളുകൾ അടഞ്ഞിരുന്നാൽ രക്തസമ്മർദ്ദം വല്ലാതെ കൂടും. ആർട്ടീരിയോളുകളുടെ ഈ വികാസത്തോതിനെ പെരിഫറൽ റസിസ്റ്റൻസ് എന്നാണ് പറയുന്നത്.
ഈ പെരിഫറൽ റസിസ്റ്റൻസാണ് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത്. 120/80 ആണ് പൊതുവെ അംഗീകരിച്ചിട്ടുള്ള സുരക്ഷിതമായ രക്തസമ്മർദ്ദം. ഇത് 129/89 എന്ന നിലയിലേക്ക് നീങ്ങുമ്പോഴാണ് അമിതരക്തസമ്മർദ്ദം എന്ന അവസ്ഥ. രക്തസമ്മർദ്ദം കൂടുന്ന അവസ്ഥയിൽ മൂക്കിൽ നിന്നും രക്തം വരാറുണ്ട്. അതായത് രക്തസമ്മർദ്ദത്തിന്റെ പ്രകടമായ ലക്ഷണങ്ങളിലൊന്നാണിത്. ചില സമയങ്ങളിൽ തലവേദന നമ്മൾ അവഗണിക്കാറുണ്ട്. എന്നാൽ എല്ലാ തലവേദനയും ഇതിന്റെ ലക്ഷണമല്ലെങ്കിലും ചില സമയങ്ങളിലെ തലവേദന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാവാം. കണ്ണുകളിലെ വേദനയും ശാരീരികമായ വേദനയും ഇതിന്റെ ലക്ഷണമായി ചില സമയങ്ങളിൽ കണ്ടുവരാറുണ്ട്.
പ്രായം, പൊണ്ണത്തടി, പാരമ്പര്യം, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം, ഉയർന്ന കൊളസ്‌ട്രോൾ, മാനസിക സമ്മർദ്ദം, പ്രമേഹം, ഉറക്കക്കുറവ്, എന്നിവയെല്ലാം അമിത രക്തസമ്മർദ്ദത്തിന്റെ കാരണമായി കാണപ്പെടുന്നു. പ്രായമുള്ള പുരുഷന്മാരെ അപേക്ഷിച്ച് 55 വയസ്സു കഴിഞ്ഞ സ്ത്രീകളിലാണ് രക്തസമ്മർദ്ദം കൂടുതലായി കാണപ്പെടുന്നത്. ഗർഭകാലത്ത് സ്ത്രീകളിൽ രക്തസമ്മർദ്ദം കാണപ്പെടാറുണ്ട്. അപൂർവ്വമായി രക്തക്കുഴൽ രോഗങ്ങൾ, വൃക്ക രോഗങ്ങൾ, ഹോർമോൺ വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ, ചില മരുന്നുകൾ എന്നിവയും രക്തസമ്മർദ്ദത്തിന് കാരണമാകുന്നു.
35-40 വയസ്സിനു ശേഷമെങ്കിലും രക്തസമ്മർദ്ദം കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതും ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സിക്കേണ്ടതും അത്യാവശ്യമാണ്. രോഗാവസ്ഥയുടെ ആദ്യഘട്ടത്തിലാണെങ്കിൽ ജീവിതശൈലീ നിയന്ത്രണം കൊണ്ട് ഇതിനെ നിയന്ത്രണത്തിലാക്കാവുന്നതാണ്.
മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കിയും ഉപ്പിന്റെ ഉപയോഗം കുറച്ചുകൊണ്ടും മരുന്നില്ലാതെ രോഗം നിയന്ത്രിക്കാം. എന്നാൽ മരുന്ന് ഉപയോഗിക്കുന്ന ഘട്ടത്തിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് കഴിക്കുകയും ജീവിതശൈലീ നിയന്ത്രണം തുടരുകയും വേണം. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക(46 ഗ്രാം), വറുത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങളുടെ അളവ് കുറയ്ക്കുക, വ്യായാമം ചെയ്യുക, മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കുക, മാനസിക സമ്മർദ്ദം കുറയ്ക്കുക, അതോടൊപ്പം പഴങ്ങളും പച്ചക്കറികളും കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ഇന്ത്യയിൽ എട്ട് പേരിൽ ഒരാൾക്ക് രക്തസമ്മർദ്ദമുണ്ടെന്ന് 2017ൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിരോധ ആരോഗ്യ പദ്ധതിയുടെ ഭാഗമായി നടത്തിയ സർവേ കണക്കുകൾ പറയുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ 8.6 ശതമാനം പേർക്കും രക്തസമ്മർദ്ദമുണ്ട്. ആധുനിക ജീവിത ശൈലിയാണ് ഇതിന് കാരണമായി പറയുന്നത്.
രക്തസമ്മർദ്ദം ജീവനപഹരിക്കാൻ കാരണമാകുമെങ്കിലും ജീവന്റെ തുടിപ്പ് നിലനിർത്തുന്നതും ഇത് തന്നെയാണ്. രക്തസമ്മർദ്ദം നിയന്ത്രണാതീതമാകുമ്പോൾ മാത്രമാണ് അപകടകമായ രോഗാവസ്ഥയായി മാറുന്നത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതെ നോക്കുന്നതെന്ന ആപ്തവാക്യം മുന്നോട്ട് വെച്ച് ഈ രോഗം വരാതിരിക്കുന്നതിനായി ജീവിതശൈലീ നിയന്ത്രണം വരുത്തേണ്ടതാണ്.
ഡോ. സുനിൽ പ്രശാന്ത്
കൺസൾട്ടന്റ് ഫിസിഷ്യൻ
മേയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്