modi

മുംബയ്: നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളുടെ പ്രതിഫലനം കഴിഞ്ഞദിവസം ഏറ്റവുമധികം കണ്ടത് ഷെയർമാർക്കറ്റുകളിലായിരുന്നു. പ്രമുഖ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ബി.എസ് ഇ, എസ് ആന്റ് പി എന്നിവ 1400 പോയിന്റുകളിലേക്കാണ് കുതിച്ചുയർന്നത്. നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് നിഫ്‌റ്റി 400 പോയിന്റും കടന്നു.

എൻ.ഡി.എ വീണ്ടും അധികാരത്തിൽ വന്നാൽ ഏറ്റവുമധികം നേട്ടം കൊയ്യുന്നത് രാജ്യത്തെ അഞ്ച് പ്രധാന മേഖലകളാണെന്ന് സാമ്പത്തിക വിദഗ്‌ദർ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാനവികസനം, വൈദ്യുതി, നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനീസ് (എൻ.ബി.എഫ്.സി), മൂലധന സാമഗ്രികൾ, നിർമ്മാണം എന്നീ മേഖലകളാണ് മോദിയുടെ തിരിച്ചുവരവിൽ നേട്ടാൻ കൊയ്യാൻ പോകുന്നത്.

കൂടാതെ ബാങ്കിംഗ് മേഖലയിൽ നിന്ന് സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, യെസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയും എക്‌സിറ്റ് പോൾ വന്നതിനു പിന്നാലെ സെൻസക്‌സ് സൂചികയിൽ നേട്ടം കൈവരിച്ചു. രാജ്യത്തെ പ്രമുഖ കമ്പനികളായ ലാർസൺ ആന്റ് ടർബോ, ടാറ്റാ മോട്ടോർസ്, റിലയൻസ് ഇൻഡസ്‌ട്രീസ് ലിമിറ്റഡ്, ഹീറോ മോട്ടോകോർപ്പ്, വേദാന്ത, ഏഷ്യൻ പെയിന്റസ്, ടാറ്റാ സ്‌റ്റീൽ, ബജാജ് ഫിനാൻസ് എന്നിവയും ഏഴു ശതമാനം വളർച്ച രേഖപ്പെടുത്തി. എക്‌സിറ്റ് പോൾ ഫലം വന്നതിനു ശേഷം ബി.എസ് ഇ ലിസ്‌റ്റ് ചെയ്‌തിട്ടുള്ള കമ്പനികളുടെ മൂലധനം 5.33 ലക്ഷം കോടിയായി ഉയരുന്ന കാഴ്‌ചയ്‌ക്കാണ് സാമ്പത്തിക ലോകം സാക്ഷ്യം വഹിച്ചത്.

അതേസമയം, എക്‌സിറ്റ്പോൾ ഫലത്തിന്റെ പശ്‌‌ചാത്തലത്തിൽ നിക്ഷേപകർ വളരെ കരുതലോടുകൂടി മാത്രമെ ക്രയവിക്രയങ്ങളിൽ ഏർപ്പെടാവൂ എന്നും, ചില മേഖലകളിൽ കാര്യമായ ചലനം സംഭവിക്കാൻ പോകുന്നില്ലെന്ന മുന്നറിയിപ്പും സാമ്പത്തിക വിദഗ്‌ദർ നൽകുന്നു.