കപ്ലീറ്റ് ആക്ടർ എന്ന് ആരാധകർ സ്നേഹത്തോടെയും ആൽപ്പം അഹങ്കാരത്തോടെയും വിളിക്കുന്ന നടന വിസ്മയം സാക്ഷാൽ മോഹൻലാലിന്‌റെ ജന്മദിനമാണിന്ന്.1960 മേയ് 21 ന് ജനിച്ച താരത്തിന് ജന്മദിനാശംസകൾ നേർന്ന് ആരാധകരും സഹപ്രവർത്തകരുമൊക്കെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വേറിട്ട രീതിയിൽ താരത്തിന് ആശംസയുമായെത്തിയിരിക്കുകയാണ് കെ.എസ്.ആ.ർ.ടി.സി കൊട്ടാരക്കര. ഇടം തോളൊന്നു മെല്ലെ ചരിച്ചുള്ള ലാലേട്ടന്‌റെ നടത്തം കൊച്ചുകുട്ടികൾക്ക് പോലും അറിയാം.
ഈ നടത്തം തന്നെയാണ് കെ.എസ്.ആർ.ടി.സിയുടെ ആശംസയുടെ പ്രധാന ആകർഷണം.താരത്തിന്‌റെ നടത്തത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ഒരു ബസിന്‌റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ആശംസ നേർന്നിരിക്കുന്നത്. ഇതിന് ക്യാപ്ഷനായി 'ഇടം തോളൊന്നു മെല്ലെ ചരിച്ച്...ഹാപ്പി ബർത്ത് ഡേ ലാലേട്ട' എന്നും നൽകിയിട്ടുണ്ട്.സംഭവം വളരെപ്പെട്ടെന്ന് തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
ഇത് കൂടാതെ വൈക്കം വിജയ ലക്ഷ്മി പാടിയ 'സുന്ദരനും കോമളനും വിസ്മയത്തിൻ മാന്ത്രികനും അന്നും ഇന്നും മിന്നി നിൽക്കുന്ന നമ്മുടെ ലാലേട്ടൻ' എന്ന പാട്ടും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
തങ്ങളുടെ സഹപ്രവർത്തകന് ആശംസയുമായി മമ്മൂട്ടി,പൃഥ്വിരാജ്, മഞ്ജു വാര്യർ, ജയസൂര്യ, സുരേഷ് ഗോപി,അജുവർഗീസ്,ദുൽഖർ സൽമാൻ,ആസിഫ് അലി,രാധിക ശരത് കുമാർ,മുരളി ഗോപി,എന്നിങ്ങനെ വൻ താര നിരതന്നെ രംഗത്തെത്തിയിട്ടുണ്ട്.