ഉളുപ്പുണ്ണി...അധികമാരും കേട്ടിട്ടില്ലാത്ത ഈ സ്ഥലം അമൽ നീരദിന്റെ "ഇയ്യോബിന്റെ പുസ്തകം" കണ്ടവരാരും മറക്കില്ല. അലോഷിയുടെ ബെെക്ക് യാത്രകളും ഇവുടുത്തെ മലമേടുകളിലെ പുറം കാഴ്ചകളും വേറിട്ടതായിരുന്നു. കാഴ്‌ചകളുടെ പുതുവസന്തമാണ് പ്രകൃതി ഇവിടെ യാത്രക്കാർക്ക് മുന്നിൽ തുറന്നിടുന്നത്. പുതുയാത്രകൾ തേടി പോകുന്നവർ പോകേണ്ട ഒരിടമാണ് ഉളുപ്പുണ്ണി.
മനസിനെ കുളിരണിയിക്കുന്ന കാഴ്ചകളാണ് ഇവിടുത്തേത്. യാത്രക്കാർക്കായി പ്രകൃതി കാത്തുവച്ച ഒരിടം. കുന്നിൻ മുകളിലായി പരന്ന് കിടക്കുന്ന പുൽമേടാണ് ഇവിടുത്തെ പ്രധാന കാഴ്ച. കുളമാവ് ഡാമിന്റെ വിദൂര ദൃശ്യവും ഇവിടെ നിന്ന് കാണാം. നടന്ന് കാഴ്ചകൾ ആസ്വദിക്കാനും ഓഫ് റോഡ് റൈഡിംഗിനും പറ്റിയ ഇടമാണ് അധികമാരും സന്ദർശിക്കാത്ത ഇവിടം. കോടമഞ്ഞും നാണ്ടി യാത്ര ആരംഭിക്കാം.
ഈയോബിന്റെ പുസ്തകത്തിലെ മിക്ക ഭാഗങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ഇവിടുത്തെ മൊട്ട കുന്നുകൾക്ക് പറയാനുണ്ടാകും നൂറായിരം കഥകൾ. നിറയെ നീളൻ പുല്ലുകളാണ് ഒരുവശത്ത്. ചെറിയതോതിൽ അട്ടശല്യവും ഇവിടുണ്ട്. ഇവിടേക്ക് പോകുന്ന വഴി മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ ടണലും കാണാം.
വാഗമണ്ണിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു സ്വപ്നഭൂമിയാണ് ഉളുപ്പുണ്ണി. തൊടുപുഴയിൽ നിന്ന് മൂലമറ്റം പതിപ്പള്ളി വഴി ഉളുപ്പുണ്ണി എത്തിയാൽ ആൾ പൊക്കമുള്ള പുൽമേടുകളിലൂടെയുള്ള ജീപ്പ് ചാലുകൾ കാണാൻ കഴിയും. ഉളുപ്പുണ്ണിയിൽ എത്തിച്ചേരാൻ വാഗമണ്ണിൽ നിന്നും പുള്ളിക്കാനം റൂട്ടിൽ പോവുക. വാഗമൺ ടൗണിൽ നിന്നും ഈ റൂട്ടിൽ ഏകദേശം അഞ്ച് കി.മീ പോയാൽ ചോറ്റുപറ എന്ന ജംഗ്ഷനിൽ ചെല്ലാം. അവിടെ നിന്നും അഞ്ച് കി.മീ കൂടെ സഞ്ചരിച്ചാൽ ഉളുപ്പുണ്ണിയിലെത്തിച്ചേരാം.