വൃക്കയിൽ മാത്രം ഉള്ളതും വലിപ്പം കുറഞ്ഞതുമായ കാൻസറുകൾ, ആ ഭാഗം മാത്രം മുറിച്ചു മാറ്റുന്ന പാർഷ്യൽ നെഫ്രക്ടമി ചികിത്സ കൊണ്ട് ഭേദമാക്കാം. വലിപ്പമേറിയ വൃക്കയിലെ കാൻസറുകൾ വൃക്ക മൊത്തമായി നീക്കം ചെയ്യുന്ന രീതി അവലംബിക്കണം. തുറന്നുള്ള ശസ്ത്രക്രിയ, ലാപ്രോസ്കോപി, റൊബോട്ടിക്സ് മുതലായ രീതികളിൽ കാൻസർ നീക്കം ചെയ്യാം. വ്യാപിച്ച വൃക്കയിലെ കാൻസറുകൾക്കും പ്രാഥമികമായി വൃക്ക നീക്കം ചെയ്തിട്ടു മാത്രമേ കീമോതെറാപ്പി മുതലായ മറ്റു ചികിത്സാ രീതികൾ അവലംബിക്കാൻ പറ്റുകയുള്ളൂ. വൃക്കയിലും യുറിറ്ററിലും ഉണ്ടാകുന്ന പ്രത്യേകതരം കാൻസറുകൾ വൃക്ക, യുറിറ്റർ, മൂത്രാശയത്തിന്റെ ഒരു ഭാഗം മുതലായവ നീക്കം ചെയ്യേണ്ടതുണ്ട്.
മൂത്രസഞ്ചിയിലെ കാൻസറുകൾ മൂത്രത്തിൽ കൂടിയുള്ള രക്തപ്രവാഹം വേദനഹരിതമായി ഉണ്ടാകുന്നു. മൂത്രപരിശോധന, അൾട്രാസൗണ്ട് സ്കാൻ, സിടി സ്കാൻ, സിസ്റ്റോസ്കോപി മുതലായവ വഴി രോഗനിർണയം നടത്താം. ആരംഭദിശയിലെ മൂത്രാശയ കാൻസർ എൻഡോസ്‌കോപ് വഴി നീക്കം ചെയ്യാം. മൂത്രസഞ്ചിയുടെ മാംസപേശിയിലേക്ക് വ്യാപിച്ച കാൻസറുകൾ മൂത്രസഞ്ചി മൊത്തമായി മാറ്റി കുടൽ ഉപയോഗിച്ച് മൂത്രം വെളിയിലേക്ക് തിരിച്ചുവിടുന്ന തരം ശസ്ത്രക്രിയകൾ വേണ്ടിവരും. വ്യാപിച്ച കാൻസറുകൾക്ക് കീമോതെറാപ്പി വേണ്ടിവരും.
ലിംഗത്തിലെ കാൻസറുകൾ സാധാരണയായി ലിംഗത്തിൽ വൃണങ്ങൾ, മുഴകൾ മുതലായവയായി പ്രകടമാവാം. കാൻസർ ബാധിച്ച ലിംഗത്തിന്റെ ഭാഗം മുറിച്ചുകളയുന്നതാണ് ചികിത്സാ രീതി.
വൃഷണങ്ങളിൽ കാൻസർ സാധാരണയായി വേദനയില്ലാത്ത മുഴകളായി പ്രത്യക്ഷപ്പെടുന്നു. രക്തത്തിലെ ട്യൂമർ മാർക്കറുകൾ, അൾട്രാ സൗണ്ട് സ്കാൻ, സിടി സ്കാൻ മുതലായ പരിശോധനകൾ രോഗനിർണയത്തിന് ഉപയോഗിക്കുന്നു. കാൻസർ ബാധിച്ച വൃഷണങ്ങൾ നീക്കം ചെയ്യണം. കീമോതെറാപ്പി, റേഡിയോ തെറാപ്പി മുതലായ ചികിത്സകളും വേണ്ടിവന്നേക്കാം.
ഡോ. എൻ. ഗോപകുമാർ