ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു. വോട്ടെണ്ണലിന്റെ ആശയക്കുഴപ്പം തീർക്കാൻ ഉത്തരവിറക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ 22 കക്ഷി നേതാക്കളാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ ആശങ്ക അറിയിക്കാനെത്തിയത്.
വിവിപാറ്റിലെയും വോട്ടിംഗ് യന്ത്രത്തിലെയും വോട്ടുകൾ ഒത്തുചേരാതെ വന്നാൽ ആ നിയോജക മണ്ഡലത്തിലെ മുഴുവൻ വിവിവപാറ്റുകളും എണ്ണണമെന്നും പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ ഉന്നയിച്ചു. പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം നാളെ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയതായി നേതാക്കൾ പറഞ്ഞു.
ഒരു മണിക്കൂറോളമാണ് തിരഞ്ഞെടുപ്പ് കമ്മിഷനുമായി പ്രതിപക്ഷ പാർട്ടികൾ കൂടിക്കാഴ്ച നടത്തിയത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ ഉൾപ്പെടുന്ന കോൺഗ്രസ് നേതാക്കളും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളടങ്ങുന്ന സംഘമാണ് തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, കമ്മിഷൻ വിശ്വാസ്യത തെളിയിക്കണമെന്നും, കമ്മിഷന്റെ നടപടി ആശങ്കാജനകമാണെന്നും മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.