poem

നീയായിരുന്നു.

എന്റെ വായനമുഴുവൻ
നീയായിരുന്നു
ഞാനെഴുതാൻ മറന്നുപോയതു
നിന്നെയറിഞ്ഞുതുടങ്ങിയപ്പോഴായിരുന്നു.
ഞാൻ കേൾവിക്കാരനായിരുന്നു


നിന്നെയല്ലാതെ ഞാനൊന്നും
കേൾക്കുന്നുണ്ടായിരുന്നില്ല
ഞാൻ പ്രണയിക്കുകയായിരുന്നു
പലതും ഞാൻ മറന്നുപോയിരുന്നു
ജീവിക്കാനും

നീയില്ലാതായപ്പോഴാണ്
ഞാൻ വായിക്കാൻ ശ്രമിച്ചത്
മനസ്സിനെ പിടിച്ചിരുത്താൻ
നന്നേ പാടുപെട്ടു

നീ പോയപ്പോഴാണു
ഞാൻ എഴുതാൻ ശ്രമിച്ചത്
എഴുത്തിനിരുത്താൻ
ഞാൻ പലവുരു ശ്രമിച്ചുനോക്കി

പറയാൻ നീയില്ലാതെ
വന്നപ്പോഴാണ് ഞാൻ
കേൾക്കാൻ ശ്രമിച്ചത്
ചുറ്റുമുള്ളവർ പലതും പറയാൻ
ബാക്കിവച്ചിരുന്നു.
പക്ഷേ, അവരും തിരക്കിലായിരുന്നു

നീയില്ലാതെ വന്നപ്പോഴാണ് ഞാൻ
ജീവിതത്തെക്കുറിച്ചലോചിച്ചത്
അനിവാര്യതകൾ
നിറവേറ്റാനുള്ളതാണെന്നു
തിരിച്ചറിഞ്ഞത്.

വസന്തങ്ങൾ വിരുന്നുവരുന്ന
പൂക്കാലത്തെക്കുറിച്ച്
പള്ളിക്കൂടത്തിൽ പഠിച്ചിരുന്നു.


നീ പോയപ്പോഴാണു
പൂവും പൂക്കാലവും ഓർമ്മകളായെന്നു
ഞാനറിഞ്ഞത്.

സംഗീതം പ്രണയതരമാണെന്നു
ഞാനറിഞ്ഞത് അക്കാലത്തായിരുന്നു
വിരഹത്തിനും പാടാനാകുമെന്നു ഞാൻ മനസ്സിലാക്കിയത്


നീ യാത്രയായതിൽ പിന്നെയാണ്.

പ്രകൃതിയും പ്രപഞ്ചവും സുന്ദരമാണെന്നു ഞാൻ പഠിച്ചത്
നിന്നോടൊപ്പം നടക്കുമ്പോഴായിരുന്നു
സൗന്ദര്യം മാത്രമല്ല വൈകൃതവും ലോകസൃഷ്ടിയാണെന്നു നീ കാട്ടിത്തന്നു, നിന്റെയഭാവത്തിലൂടെ.

നീ വെറും സ്വപ്നമാണെന്നു
ഞനോർക്കാൻ മറന്നിരുന്നു
പക്ഷേ, മറവിയുടെ വരമില്ലാത്ത
നോവുകളാണു നീയെന്നു
പിന്നെ ഞാനറിഞ്ഞു.

നീ വിടചൊല്ലുമെന്നു
മൊഴിഞ്ഞിരുന്നു,
ഞാൻ തനിച്ചാകുമെന്നു
ഞനോർത്തിരുന്നു
പക്ഷേ അതിത്ര നൊമ്പരമാകുമെന്നു
ഞാൻ നിനച്ചിരുന്നില്ല, വെറുതെ!

മഴ പ്രണയമാണെന്നു
ഞാൻ നിന്നോടൊപ്പം
അനുഭവിച്ചിരുന്നു,
മഴ, പ്രളയവുമാകുമെന്നു
അറിഞ്ഞപ്പോൾ ഞാൻ പക്ഷേ, തനിച്ചായിരുന്നു.

കാറ്റിനു ഇലഞ്ഞിപ്പൂക്കളുടെ
സുഗന്ധമാണെന്നു നേരനഭവമായിരുന്നു,
ചുഴലിക്കാറ്റുകൾ സുനാമിയായി
പടർന്നുകയറുമെന്ന് ഞാൻ
പിന്നെ ഞാനറിഞ്ഞു!


കിനാവ്

കവിതകൾ, കഥകൾ, യാത്രാവിവരണങ്ങൾ കേരളകൗമുദി ഓൺലൈനിൽ നൽകാൻ ഈ നമ്പരിൽ +91 9188448983 ലേക്ക് വാട്സാപ്പ് ചെയ്യുക