നെടുമ്പാശേരി: രണ്ട് പതിറ്റാണ്ടിനിടയിൽ വ്യോമയാന ഭൂപടത്തിൽ കൊച്ചി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം കൈവരിച്ച നേട്ടത്തെ കടത്തിവെട്ടുന്നതാണ് കള്ളക്കടത്തുകാർക്കിടയിൽ ഈ എയർപോർട്ടിനുള്ള സ്ഥാനം. ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസും (ഡി.ആർ.ഐ) കസ്റ്റംസ് എയർ ഇന്റലിജൻസും കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിപ്പുണ്ടെങ്കിലും ഇതിനെയെല്ലാം മറികടക്കുന്നതാണ് കള്ളക്കടത്തുകാരുടെ അഭ്യാസം. കസ്റ്റംസിലെയും ഗ്രൗണ്ട് ഹാന്റലിംഗ് വിഭാഗത്തിലെയും ചിലരുടെ സഹായം ഉറപ്പാക്കാൻ കള്ളക്കടത്തുകാർക്ക് കഴിയുന്നതാണ് സത്യസന്ധരായ ഉദ്യോഗസ്ഥരുടെ പ്രധാന പ്രതിസന്ധി. സ്വർണ കള്ളക്കടത്ത് സംഘത്തെ സഹായിച്ച കസ്റ്റംസിലെ ഒരു ഡെപ്യൂട്ടി കമ്മിഷണറും അസി.കമ്മിഷണും നേരത്തെ പിടിയിലായിരുന്നു. ഇതേതുടർന്ന് കള്ളക്കടത്തുകാരെ സഹായിച്ചിരുന്ന ചില ജീവനക്കാർ പിൻവാങ്ങിയെങ്കിലും വീണ്ടും സഹായം നൽകുന്നുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്.
ഒന്നര മാസം മുമ്പാണ് മൂന്ന് കിലോ സ്വർണം കടത്താനുള്ള ശ്രമത്തിനിടെ കസ്റ്റംസിലെ ഒരു ഇൻസ്‌പെക്ടർ പിടിയിലായത്. കഴിഞ്ഞദിവസം മൂന്നേകാൽ കിലോ സ്വർണം കൈമാറുന്നതിനിടെ ഗ്രൗണ്ട് ഹാന്റലിംഗ് ബി.ഡബ്ളിയു.എഫ്.എസിലെ സൂപ്പർവൈസർ പിടിയിലായത് കള്ളക്കടത്തുകാരുമായുള്ള അവിഹിത കൂട്ടുകെട്ടിന് തെളിവാണ്. സ്വർണം കടത്താൻ കൂട്ടുനിന്നതിന് നേരത്തെ കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഹെഡ് ഹവിൽദാറെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഒന്ന് കണ്ണടച്ചാൽ ലക്ഷങ്ങൾ കൈയിലിരിക്കുമെന്നതിനാൽ കസ്റ്റംസ് ഉദ്യേഗസ്ഥർ പോലും പ്രലോഭനങ്ങളിൽ വീഴുകയാണ്. 2013ൽ സ്വർണക്കടത്തിന് കൂട്ടുനിന്നതിന് ഇവിടെ കസ്റ്റംസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും കുടുങ്ങിയിരുന്നു. കടത്തിക്കൊണ്ടു വരുമ്പോൾ പിടിവീണാലും ജാമ്യം കിട്ടുന്ന കുറ്റമായതിനാലാണ് കള്ളക്കടത്ത് വൻതോതിൽ വർദ്ധിക്കുന്നത്. പിടിച്ചെടുത്ത സ്വർണം നഷ്ടപ്പെടുമെന്ന് മാത്രമേയുള്ളു.
കടത്തിന്റെ രൂപം മാറി ഭാവം മാറി
മട്ടൻകറിയിൽ വരെ സ്വർണം കടത്തി പുതിയ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള കടത്ത് സംഘം. പൊടിച്ച് കുഴമ്പു രൂപത്തിലാക്കിയും ഇലക്ട്രോണിക് ഉപകരണങ്ങളിൽ തിരുകി കയറ്റിയും സ്വർണം കടത്താൻ ശ്രമിച്ചിട്ടുണ്ട്. പർദ്ദയിലും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ചും ഷൂസിനകത്താക്കിയുമെല്ലാം സ്വർണം കടത്തുന്നുണ്ട്. കൂടാതെ ആഭരണങ്ങളായും കടത്തുന്നുണ്ട്. സാധാരണ ഉപയോഗിക്കുന്ന 22 കാരറ്റ് ആഭരണങ്ങളല്ലാതെ തീരെ സംസ്‌കരിക്കാത്ത സ്വർണമുപയോഗിച്ച് വളയും മാലയുമൊക്കെയാക്കി കൊണ്ടുവരുന്നുണ്ട്. ആഭരണങ്ങൾ മാത്രമേ സാധാരണ കസ്റ്റംസ് തിരികെ നൽകാറുള്ളൂ. ഇതിന് നിയമപരമായ നികുതിയും പിഴയും ചുമത്തും. എന്നാൽ ചൂഷണം നടത്തുകയെന്ന ലക്ഷ്യവുമായി കൊണ്ടുവരുന്നവ തിരിച്ചുകൊടുക്കില്ല. ഇത് സർക്കാരിലേക്ക് കണ്ടുകെട്ടും. പിടിച്ചെടുത്ത സ്വർണം ആണെന്ന് മജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തണം. തുടർന്ന് അളവും തൂക്കവും നിജപ്പെടുത്തും. ഇതിനുശേഷം റിസർവ് ബാങ്കിന്റെ നാണ്യനിർമാണ വിഭാഗമായ മിന്റ് എന്ന സംവിധാനത്തിലെത്തിച്ച് ഉരുക്കി നിലവാരപ്പെടുത്തും. ഇതിനുശേഷം റിസർവ് ബാങ്കോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോ വഴി വിൽക്കുകയാണ് ചെയ്യുന്നത്.
ഇൻസ്‌പെക്ടർ മുതൽ സൂപ്പർവൈസർ വരെ
സ്വർണക്കള്ളക്കടത്തിന് ഒത്താശ ചെയ്യുന്നവരിൽ ചില കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ മുതൽ ഗ്രൗണ്ട് ഹാന്റലിംഗ് വിഭാഗത്തിലെ സൂപ്പർവൈസർമാർ വരെ പങ്കാളികളാണ്. വർഷങ്ങൾക്ക് മുമ്പ് കസ്റ്റംസിലെ ഒരു ഡെപ്യൂട്ടി കമ്മിഷണറും അസിസ്റ്റന്റ് കമ്മിഷണറും ഡി.ആർ.ഐയുടെ പിടിയിലായിരുന്നു. ഒന്നര മാസം മുമ്പാണ് കണ്ണമാലി സ്വദേശിയായ കസ്റ്റംസ് ഇൻസ്‌പെക്ടർ കുടുങ്ങിയത്. ഇയാൾ ഇപ്പോഴും സസ്‌പെൻഷനിലാണ്. ടോയ്‌ലെറ്റിൽ നിന്നും യാത്രക്കാരൻ കൊണ്ടുവന്ന സ്വർണം ഏറ്റുവാങ്ങി പുറത്തെത്തിക്കാൻ നീക്കം നടത്തുമ്പോഴാണ് പിടിയിലായത്. ഇതിനുമുമ്പ് ഇയാൾ എട്ട് തവണ സ്വർണക്കടത്തിന് കൂട്ടുനിന്നതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഗ്രൗണ്ട് ഹാന്റലിംഗ് വിഭാഗത്തിലെ സൂപ്പർവൈസർ പിടിയിലായതും സമാന സാഹചര്യത്തിലാണ്. സ്വർണക്കടത്തിന് ഗ്രൗണ്ട് ഹാന്റലിംഗ് വിഭാഗത്തിന്റെ സഹായമുണ്ടെന്ന് കസ്റ്റംസിന് നേരത്തെ മുതൽ ആക്ഷേപമുണ്ടായിരുന്നു. ഇതിനെതിരെ തൊഴിലാളി യൂണിയൻ യോഗം ചേർന്ന് തങ്ങളെ കസ്റ്റംസ് അധിക്ഷേപിക്കുകയാണെന്ന് ആരോപിച്ചിരുന്നു. ഇതിനിടയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിലായത്. ഇത് ഗ്രൗണ്ട് ഹാന്റലിംഗ് വിഭാഗം ശരിക്കും ആഘോഷിച്ചു. തൊട്ടുപിന്നാലെയാണ് ഗ്രൗണ്ട് ഹാന്റലിംഗ് സൂപ്പർവൈസർ പിടിയിലാകുന്നത്.
സ്വർണക്കടത്തിനായി കറൻസി കടത്തും
സ്വർണക്കടത്തിനായി കൊച്ചി വിമാനത്താവളം വഴി കറൻസി കടത്തും വൻതോതിലുണ്ട്. ഗൾഫിൽ നിന്നും കടത്തിക്കൊണ്ടുവരുന്ന സ്വർണത്തിന്റെ വില നൽകുന്നതിനായാണ് കേരളത്തിൽ നിന്നും വിദേശ കറൻസി അങ്ങോട്ട് കടത്തുന്നത്. ഒരു കിലോ സ്വർണം കടത്തികൊണ്ടുവന്നാൽ 3.5 ലക്ഷം രൂപയാണ് ലാഭം. റിസ്‌ക് എടുത്താൽ മെച്ചമുണ്ടെന്നതിനാലാണ് വിവിധ മാർഗങ്ങളിലൂടെ സ്വർണം കടത്തുന്നത്. സ്വർണക്കടത്തിന് മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കാനും വിദേശത്തേക്ക് കറൻസി കടത്തുന്നുണ്ട്. വിദേശത്ത് എത്തുന്ന പണം അവിടെയുള്ള ബന്ധുക്കൾ മുഖേന നാട്ടിലേക്ക് അയപ്പിയ്ക്കും. അതോടെ കള്ളപ്പണം വൈറ്റ് മണിയാകും.
പിടിച്ചെടുത്ത സിഗരറ്റുകൾ പുലിവാലായി
പിടിച്ചെടുത്ത വിദേശനിർമിത സിഗരറ്റുകൾ കസ്റ്റംസിന് പുലിവാലായ അവസ്ഥയാണ്. സ്വർണം വിൽക്കുന്നത് പോലെ ഇത് വിൽക്കാൻ കഴിയാത്തതാണ് പ്രശ്നം. തിരികെ കയറ്റി അയയ്ക്കാനും കഴിയില്ല. ഇതേതുടർന്ന് കസ്റ്റംസ് സ്വന്തം നിലയിൽ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരിസ്ഥിതിവിഷയം മുൻനിറുത്തി നാട്ടുകാർ പ്രതിഷേധിച്ചതോടെ നീക്കം പൊളിഞ്ഞു. കനത്ത പുകയും ഇത് കത്തുമ്പോഴുള്ള അസ്വസ്ഥതയുമായിരുന്നു കാരണം. സിഗരറ്റ് നിർമാതാക്കളായ ഐ.ടി.സി യോട് ഇവ ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും നടന്നില്ല. ഇതോടെ കേരളത്തിലെ വിമാനത്താവളങ്ങളിലെ കസ്റ്റംസിന്റെ വെയർ ഹൗസുകൾ പിടിച്ചെടുത്ത സിഗരറ്റുകൾകൊണ്ട് നിറഞ്ഞു. കൊച്ചിയുൾപ്പെടെ നാലു വിമാനത്താവളങ്ങളിലായി ഏകദേശം 16 ലക്ഷം സിഗറ്റുകളാണ് പല സംഭവങ്ങളിലായി പിടിച്ചെടുത്തത്.
ആവശ്യത്തിന് ജീവനക്കാരില്ലാതെ കസ്റ്റംസ്
കള്ളക്കടത്തിൽ ചില കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിലും ബഹുഭൂരിപക്ഷവും ജോലിയോട് ആത്മാർത്ഥതയുള്ളവരാണ്. ആവശ്യത്തിന് ജീവനക്കാരില്ലെന്നതാണ് ഇവരെ കുഴയ്ക്കുന്നത്. അത്യാവശ്യം വേണ്ടതിന്റെ മുപ്പതുശതമാനം ജീവനക്കാർ പോലുമില്ല. വിമാനത്താവളങ്ങളിൽ പത്തുലക്ഷം യാത്രക്കാർക്ക് 144 കസ്റ്റംസ് ജീവനക്കാർ വേണമെന്നാണ് കണക്ക്. എല്ലാവിഭാഗത്തിലുംപെടുന്നവരുടെ എണ്ണമാണിത്. നെടുമ്പാശേരിയിൽ ഒരുവർഷം വരുന്നത് ഏകദേശം ഒന്നേകാൽ കോടി യാത്രക്കാരാണ്. ഇവിടെ നിലവിൽ 78 പേരാണ് കസ്റ്റംസിലുള്ളത്. കോഴിക്കോട്ട് നാൽപ്പതുലക്ഷം പേരെത്തുമ്പോൾ ജീവനക്കാരുടെ എണ്ണം മുപ്പതിന് മുകളിലാണ്. മുപ്പതുലക്ഷത്തിലധികം യാത്രക്കാരുള്ള തിരുവനന്തപുരത്താകട്ടെ ഇത് മുപ്പതിൽ താഴെയും. അധിക ജോലിയെടുത്താണ് ഇപ്പോഴത്തെ നിലയിലെങ്കിലും മുന്നോട്ടുപോകുന്നത്. കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനാലും പരിശോധകരായ ഉദ്യോഗസ്ഥരുടെ കഴിവും ഭാഗ്യവുമൊക്കെ ചേർന്നാണ് പലപ്പോഴും ഇത്തരം കേസുകൾ പിടിക്കപ്പെടുന്നത്. പിടിക്കുന്നതിന്റെ എത്രയോ ഇരട്ടി കടത്തുന്നുണ്ടാകുമെന്ന് അധികൃതരും സമ്മതിക്കുന്നു.